ശ്രീലങ്ക: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്രാസ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തിരുമേനിമാർ ശ്രീലങ്ക സന്ദർശിച്ചു. ശ്രീലങ്കൻ മിഷന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് എന്നിവരാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിൽ എത്തിയത്. ഭാഗ്യസ്‌മരണാർഹനായ അൽവാറീസ് മാർ യൂലിയോസ് തിരുമേനിക്ക് ശേഷം ആദ്യമായാണ് മലങ്കര സഭയിലെ പിതാക്കന്മാർ വടക്കൻ ശ്രീലങ്കയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
പുതുതായി ബഹറിൻ അംബാസിഡർ ആയി നിയമിതനായ ശ്രീലങ്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമ്മീഷണറെ സന്ദർശിച്ച് മലങ്കര സഭയുടെ അനുമോദനങ്ങൾ അറിയിച്ചു.
ഭാഗ്യസ്‌മരണാർഹനായ അൽവാറീസ് മാർ യൂലിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര സഭയുടെ കീഴിൽ ശ്രീലങ്കയിൽ ഉണ്ടായിരുന്ന മാന്നാർ പരപ്പൻകണ്ടാൽ സെന്റ് മേരീസ് ദേവാലയവും ശ്രീലങ്കൻ മിഷനിലെ പുതുതായി രൂപികരിക്കപ്പെട്ട മുതലകുത്തി സെന്റ് മേരീസ് കോൺഗ്രികഷനും കിളിനോച്ചി ജയപുരം സെന്റ് തോമസ് പള്ളിയും ഇവര്‍ സന്ദർശിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ജയപുരത്ത് പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിന് ഇവര്‍ കല്ലിട്ടു. ബിജു അലക്സാണ്ടർ, സാജു സാമൂവേൽ എന്നിവരുടെ സഹായത്തോടെ മിഷൻ ഡയറക്ടർ ഫാ.ലിനു ലൂക്കോസാണ് ക്രമീകരണങ്ങൾ ചെയ്തത്.