കൊച്ചി : രാത്രികാല അക്രമങ്ങൾക്കു തടയിടാൻ കൊച്ചി നഗരത്തിൽ കർശന നിരീക്ഷണവുമായി പോലീസ്. നഗരത്തിലെ ബാറുകൾ, രാത്രി വൈകിയും പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ, ടീ ഷോപ്പുകൾ എന്നിവയ്ക്കു സമീപമാണു മഫ്തി പോലീസിനെ ആദ്യഘട്ടത്തിൽ നിയോഗിച്ചു നിരീക്ഷണം ശക്തമാക്കിയത്. രാത്രി വൈകി വൻ തിരക്കുണ്ടാകുന്ന ഇത്തരം സ്ഥാപനങ്ങൾക്കു സമീപം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതു സാമൂഹികവിരുദ്ധരും ഗുണ്ടകളും ലഹരിവ്യാപാരികളും ഇവിടെ തമ്പടിക്കുന്നതിനെ തുടർന്നാണെന്നാണു പോലീസിന്റെ കണ്ടെത്തൽ. മഫ്തി നിരീക്ഷണത്തിനു പുറമെ ഈ പ്രദേശങ്ങളിൽ രാത്രികാല പരിശോധനയും പട്രോളിങ്ങും പോലീസ് കടുപ്പിച്ചിട്ടുണ്ട്.
രാത്രി പ്രവർത്തിക്കുന്നതിനു ‘സംരക്ഷണം’ ഒരുക്കാമെന്ന വാഗ്ദാനം നൽകി ഗുണ്ടകൾ പല സ്ഥാപനങ്ങളിൽ നിന്ന് പണം വാങ്ങുന്നതായും വിവരമുണ്ട്. ഇതു മുഖേനയുള്ള തർക്കങ്ങളെ തുടർന്നാണ് അടുത്തിടെ ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായതെന്നും പോലീസ് കണ്ടെത്തി. ഈ പ്രവണതയെ കർശനമായി അടിച്ചമർത്താനുള്ള നിർദേശമാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുള്ളത്. ഈ രീതിയിൽ സംഘർഷമുണ്ടായ ഒരു കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ടീ ഷോപ്പുകളും കഫെകളും ഉൾപ്പെടെ ഇരുന്നൂറോളം രാത്രികാല സ്ഥാപനങ്ങളാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുതായി ആരംഭിച്ചത്. ഇതിൽ പലതും മതിയായ ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നതെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തി. ചില സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. ഐടി സ്ഥാപനങ്ങൾ ഏറെയുള്ള തൃക്കാക്കര മേഖലയിൽ മാത്രം മുപ്പതോളം കഫെകളാണ് ആരംഭിച്ചിട്ടുള്ളതെന്നും പോലീസ് പറയുന്നു.
ഒട്ടേറെത്തവണ ലഹരിക്കച്ചവടക്കാരെയും ഇടനിലക്കാരെയും രാത്രി വൈകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസം മുൻപു മുതൽ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു. കതൃക്കടവിലെ ബാറിൽ വെടിവെയ്പു കൂടി നടന്നതോടെയാണു പോലീസ് ഉണർന്നു രംഗത്തിറങ്ങിയത്. രാത്രിയിലെ ഫ്ലൈയിങ് സ്ക്വാഡ് പട്രോളിങ്, കൺട്രോൾ റൂം വെഹിക്കിൾ പട്രോളിങ്, ടൂ വീലർ പട്രോളിങ് എന്നിവ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. പരിശോധനകൾ വിലയിരുത്താൻ കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും രംഗത്തിറങ്ങുന്നുണ്ട്. സിറ്റി പോലീസ് കമ്മിഷണറേറ്റിന്റെ പരിധിയിലെ എല്ലാ സ്റ്റേഷനുകളിലും നിന്നുള്ള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചാണു രാത്രികാല പരിശോധനകൾ നടത്തുന്നത്. സാധാരണയിൽ നിന്നു വിഭിന്നമായി ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങളുടെ സേവനവും പരിശോധനകളിൽ ഉപയോഗപ്പെടുത്തും.