പത്തനംതിട്ട : 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് റീ ബില്‍ഡ് കേരളാ പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ 49 വീടുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്നും ഇതിനാവശ്യമായ സ്ഥലം സര്‍ക്കാര്‍ നല്‍കാമെന്നും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനോട് ജില്ലാ ഭരണകൂടം പറഞ്ഞതനുസരിച്ച് തങ്ങളുടെ സി.എസ്.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യപ്പെട്ട മുഴുവന്‍ വീടുകളും നിര്‍മ്മിച്ചുനല്‍കാമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റിരുന്നു.
അന്നത്തെ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സ്നേഹപൂര്‍വമായ അഭ്യര്‍ഥന മാനിച്ചായിരുന്നു മുത്തൂറ്റ് പാപ്പച്ചന്‍ ഫൌണ്ടേഷന്‍ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുനിഞ്ഞത്. തിരുവല്ല താലൂക്കില്‍ 15, കോഴഞ്ചേരി 07, അടൂര്‍ 08, റാന്നി 10, കോന്നി 09 എന്നിങ്ങനെയായിരുന്നു വീടുകള്‍ നിര്‍മ്മിച്ചു നല്കാന്‍ ധാരണ. ഇതനുസരിച്ച് ഇതുവരെ 33 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കി. 16 വീടുകള്‍ റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ കുരുങ്ങി ഉപേക്ഷിച്ചു.
കോന്നി താലൂക്കിലെ ചിറ്റാറില്‍ 09 വീടുകള്‍, അടൂര്‍ താലൂക്കിലെ കടമ്പനാട് 08, കോഴഞ്ചേരി താലൂക്കിലെ മെഴുവേലിയില്‍ 06, റാന്നി താലൂക്കിലെ അയിരൂരില്‍ 10 എന്നിങ്ങനെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 500 സ്ക്വയര്‍ ഫീറ്റ് വരുന്ന ഓരോ വീടിനും എട്ടര മുതല്‍ ഒന്‍പത് ലക്ഷം രൂപവരെ ചെലവ് വന്നുവെന്ന് മുത്തൂറ്റ് ഗ്രൂപ്പ് പറയുന്നു. ഓരോ വീടിനും പ്രത്യേകം വാട്ടര്‍ ടാങ്കുകള്‍ ഉള്‍പ്പെടെ പ്ലമ്പിംഗ് ജോലികളും വയറിംഗ് ജോലികളും പൂര്‍ത്തീകരിച്ചാണ് നല്‍കിയത്. വൈദ്യുതി കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍ എന്നിവ സര്‍ക്കാര്‍ ചുമതലയിലാണ് എടുക്കേണ്ടിയിരുന്നത്.
2019 ല്‍ പണി ആരംഭിച്ച് 2020 ല്‍ മിക്ക പ്രൊജക്ട്കളും നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും 2021 ലാണ് ഉത്ഘാടന മാമാങ്കം നടത്താന്‍ തീരുമാനിച്ചത്. 2021 ഫെബ്രുവരിയില്‍ കടമ്പനാട്, മെഴുവേലി,ചിറ്റാര്‍ എന്നിവിടങ്ങളിലെ വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ ലൈനായി നടത്തി. എന്നിട്ടും തങ്ങള്‍ക്ക് ലഭിച്ച വീട്ടില്‍ കിടന്നുറങ്ങുവാനുള്ള ഭാഗ്യം പ്രളയദുരിതം അനുഭവിച്ചവര്‍ക്ക് ഉണ്ടായില്ല. നിയമത്തിന്റെ നൂലാമാലകള്‍ ഓരോന്നായി വിവരിച്ച് എവിടെയൊക്കെ തടസ്സങ്ങള്‍ ഉണ്ടാക്കാമോ അവിടെയൊക്കെ ചില റവന്യൂ ജീവനക്കാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തടസ്സമുണ്ടാക്കി. വിവിധ വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനുവേണ്ടി 2021 സെപ്റ്റംബര്‍ 20 ന് ജില്ലാ കളക്ടര്‍ യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ തടസ്സങ്ങളെല്ലാം നീങ്ങിയെന്നായിരുന്നു കൊട്ടിഘോഷിച്ചത്. ഈ തീരുമാനം താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാന്‍ പിന്നെയും മൂന്നു മാസത്തോളം കാത്തിരിക്കേണ്ടിവന്നു. ഇപ്പോള്‍ വര്‍ഷം ഒന്നുകഴിഞ്ഞു. ഫയലുകളും തീരുമാനങ്ങളും എവിടെയോ ഉറങ്ങുകയാണ്.
കോന്നി താലൂക്കില്‍ വീട് നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭ്യമല്ലെന്നു പറഞ്ഞ് മുത്തൂറ്റ് ഗ്രൂപ്പിനെക്കൊണ്ട് ചിറ്റാറില്‍ 30 സെന്റ് സ്ഥലത്തിനും കാശ് മുടക്കിച്ചു. സര്‍ക്കാര്‍ ഭൂമി വളരെയധികമുള്ള സ്ഥലമാണ് കോന്നി താലൂക്ക്. എന്നിട്ടും പാവങ്ങള്‍ക്ക് വീട് വെക്കാന്‍ സ്വകാര്യ കമ്പിനി സ്ഥലം വിലക്ക് വാങ്ങേണ്ടിവന്നു. 30 ലക്ഷം രൂപാ ഇതിന് മുത്തൂറ്റ് ഗ്രൂപ്പ് മുടക്കി. ചിറ്റാറില്‍ മുത്തൂറ്റ് ഗ്രൂപ്പ് വാങ്ങിയ സ്ഥലമായതിനാലും അവരുടെ പേരില്‍ ആയതിനാലും ഗുണഭോക്താക്കള്‍ക്ക് താമസിക്കുവാന്‍ വീടുകള്‍ ലഭ്യമാകുന്നതില്‍ അവര്‍ മുന്‍കൈ എടുത്തു. എന്നാല്‍ സര്‍ക്കാര്‍ സ്ഥലത്ത് പണിത വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിന് റവന്യൂ വകുപ്പിലെ ചില കുഴിയാനകള്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അവര്‍ കാരണങ്ങളും തടസ്സങ്ങളും കണ്ടുപിടിച്ചുകൊണ്ടിരുന്നു. മുത്തൂറ്റ് ഗ്രൂപ്പ് വിലക്ക് വാങ്ങി അവരുടെ പേരില്‍ കിടക്കുന്ന സ്ഥലം 9 ഗുണഭോക്താക്കളുടെയും പേരിലേക്ക് എഴുതി നല്‍കണമെങ്കില്‍ അതിന് മുത്തൂറ്റ് ഗ്രൂപ്പ് 18 ലക്ഷം രൂപയോളം സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കണം. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചാല്‍ അടുത്തദിവസംതന്നെ ഗുണഭോക്താക്കളുടെ പേരിലേക്ക് വസ്തു എഴുതി നല്കുവാന്‍ മുത്തൂറ്റ് തയ്യാറാണ്. ഇതിനുള്ള കത്തും അവര്‍ നല്‍കി. എന്നാല്‍ ഇവിടെയും തടസ്സം നില്‍ക്കുന്നത് സര്‍ക്കാരാണ്. ഇക്കാര്യത്തിലും ജില്ലാ കളക്ടര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
അടൂര്‍ താലൂക്കില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ കാട്ടിക്കൊടുത്തത് കടമ്പനാട് ആണ്. ഇവിടെ 8 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇതുവരെയും ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ കൈമാറിയിട്ടില്ല. തടസ്സമായി നില്‍ക്കുന്നത് കല്ലട ഇറിഗേഷന്‍ പ്രൊജക്ട് (കെ.ഐ.പി) ആണ്. ഇവരുടെ കയ്യിലുള്ള ഈ സ്ഥലം റവന്യൂ വകുപ്പിന് കൈമാറാത്തതാണ് പ്രശ്നം. ജില്ലാ കളക്ടര്‍ മുന്‍കൈ എടുത്താല്‍ നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നമാണ് അനന്തമായി നീണ്ടുപോകുന്നത്.
കോഴഞ്ചേരി താലൂക്കിലെ 07 വീടുകള്‍ മെഴുവേലി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അയത്തിലാണ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. ഇത് സര്‍ക്കാര്‍ ഭൂമിയായിരുന്നു. എന്നാല്‍ ഇവിടെ 6 വീടുകള്‍ മാത്രമേ നിര്‍മ്മിക്കുവാന്‍ കഴിഞ്ഞുള്ളൂ. പിന്നിലുള്ള സ്ഥലത്ത് മറ്റെന്തോ നിര്‍മ്മാണം വരുമെന്നും അതിനുള്ള വഴി വേണമെന്നും പറഞ്ഞ് ഒരു വീട് ഒഴിവാക്കി. പണി പൂര്‍ത്തിയാക്കിയ ആറു വീടുകളും കാടുകയറി നശിക്കുകയാണ്. ഭിത്തികള്‍ പൊട്ടിത്തുടങ്ങി. ഗുണഭോക്താക്കളെ തീരുമാനിച്ചെങ്കിലും വീട് ആര്‍ക്കും നല്‍കിയിട്ടില്ല. കോരന്‍ കഞ്ഞി കുമ്പിളില്‍ തന്നെ കുടിച്ചാല്‍ മതിയെന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധം ഉള്ളതുപോലെ ഈ വീടുകള്‍ അനാഥമായി കിടക്കുന്നു. ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മണിസൌധങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന ടാര്‍പ്പാളിന്‍ ഷീറ്റിനു കീഴില്‍ കൊച്ചുകുട്ടികളും രോഗികളായ വയോധികരും രാത്രി കഴിച്ചുകൂട്ടുകയാണ്.
തിരുവല്ല താലൂക്കില്‍ 15 വീടുകള്‍ പണിയാന്‍ പുളിക്കീഴ് കടപ്രയിലുള്ള വയലാണ് സര്‍ക്കാര്‍ കാട്ടിക്കൊടുത്തത്. താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെ വെള്ളം കയറുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി കോണ്‍ക്രീറ്റ് പില്ലര്‍ നിര്‍മ്മിച്ച് അതില്‍ വീടുകള്‍ നിര്‍മ്മിക്കുവാനായിരുന്നു മുത്തൂറ്റ് ഗ്രൂപ്പ് തീരുമാനിച്ചത്. ഇതിനുവേണ്ടി 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് പില്ലറുകള്‍ നിര്‍മ്മിച്ചു. ഇവിടേയ്ക്ക് പോകുവാന്‍ റോഡും നിര്‍മ്മിച്ചു. എന്നാല്‍ 2019 ലെ വെള്ളപ്പൊക്കത്തില്‍ ഈ പ്രദേശം വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. പാടത്തായതിനാല്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ വീട്ടിലേക്ക് പോകുവാനോ തിരികെ പുറത്തേക്ക് വരുവാനോ കഴിയില്ല. തന്നെയുമല്ല വൈദ്യുതിയും കുടിവെള്ളവും ഉള്‍പ്പെടെ മുടങ്ങും. സെപ്ടിക് ടാങ്കുകള്‍ വെള്ളത്തില്‍ മുങ്ങുമെന്നതിനാല്‍ പ്രാഥമികകൃത്യങ്ങള്‍ക്കും തടസ്സം ഉണ്ടാകും. പ്രളയകാലത്ത് ഇവിടുത്തെ ജലനിരപ്പ് അഞ്ച് അടിയിലധികം ഉയരും. ഇത്തരമൊരു സ്ഥലം വീടുകള്‍ പണിയാന്‍ തെരഞ്ഞെടുത്തുനല്‍കിയ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കുകതന്നെ വേണം.
ഇക്കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെട്ട മുത്തൂറ്റ് ഗ്രൂപ്പ്, ഇവിടെ വീടുകള്‍ പണിയുന്നത് ഗുണകരമാകില്ലെന്ന് ജില്ലാ കളക്ടറെ അറിയിച്ചു. ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കടപ്രയിലെ നിര്‍മ്മാണം വേണ്ടെന്നു വെച്ചു. എന്നാല്‍ പുതിയ സ്ഥലം ഇതിനുവേണ്ടി കണ്ടുപിടിച്ചു നല്‍കുവാന്‍ റവന്യൂ വകുപ്പിനും കഴിഞ്ഞില്ല. ഇതോടെ 15 ലക്ഷം രൂപയുടെ കോണ്‍ക്രീറ്റ് പില്ലറുകള്‍ നോക്കുകുത്തിയായി നിന്ന് ഗുണഭോക്താക്കളെ നോക്കി ചിരിക്കുകയാണ്. റവന്യു വകുപ്പിന്റെ പിടിപ്പുകേടിന്റെ ഓര്‍മ്മയായി ഇന്നും ഇത് കാണാം.
റാന്നി താലൂക്കിലെ 10 വീടുകള്‍ നിര്‍മ്മിച്ചത് അയിരൂരില്‍ ആണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ ഇവിടെയും നശിക്കുകയാണ്. ഗുണഭോക്താക്കളെ തീരുമാനിച്ചെങ്കിലും ആര്‍ക്കും വീടുകള്‍ കൈമാറിയില്ല. പമ്പാ ഇറിഗേഷന്‍ പ്രൊജക്ട് (പി.ഐ.പി) ആണ് ഇവിടെ തടസ്സമായി നില്‍ക്കുന്നത്. കനാല്‍ പണി നടന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഡമ്പിംഗ് യാഡ് ആയിരുന്നു ഈ സ്ഥലം. പി.ഐ.പി റവന്യു വകുപ്പിന് ഇതുവരെ വസ്തു കൈമാറിയിട്ടില്ല. അതിനാല്‍ ഇവിടെയും ഗുണഭോക്താക്കള്‍ പെരുവഴിയിലാണ്. ഓരോ തടസ്സവാദങ്ങളും ചട്ടങ്ങളും പറഞ്ഞ് പമ്പാ ഇറിഗേഷന്‍ പ്രൊജക്ട് (പി.ഐ.പി) ഈ വിഷയം നീട്ടിക്കൊണ്ടു പോകുകയാണ്.
ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ആയിരുന്നു ഇവിടെ വീടുകള്‍ പണിയാന്‍ അനുവാദം കൊടുത്തതും മുത്തൂറ്റ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടതും. എന്നാല്‍ വീടുപണി ആരംഭിച്ചപ്പോള്‍ പമ്പാ ഇറിഗേഷന്‍ പ്രൊജക്ട് ഉദ്യോഗസ്ഥര്‍ മുത്തൂറ്റ് ഗ്രൂപ്പിന് നോട്ടീസ് നല്‍കി. തങ്ങളുടെ വസ്തു മുത്തൂറ്റ് ഗ്രൂപ്പ് കൈയ്യേറിയെന്നും ഉടന്‍ പണികള്‍ നിര്‍ത്തിവെച്ച് നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ആയിരുന്നു നോട്ടീസ്. വിവരദോഷിയായ ആ ഉദ്യോഗസ്ഥനെ കളക്ടര്‍ പി.ബി നൂഹ് നേരിട്ട് ചേംബറില്‍ വിളിച്ചു വരുത്തിയതോടെ ആ പ്രശ്നം അന്ന് പരിഹരിച്ചു. എന്നാല്‍ അതിന്റെ ഒരു ചെറിയ വാശി ഇപ്പോഴും കെ.ഐ.പിയിലെ ഏമാന്‍മാര്‍ക്ക് ഉണ്ട്. അതുകൊണ്ടുതന്നെയാണ് ഇവര്‍ റവന്യൂ വകുപ്പിന് ഭൂമി കൈമാറാത്തതും.
2021 ലാണ് ആദ്യ ഉത്ഘാടന മാമാങ്കം നടത്തിയത്. കടമ്പനാട്, മെഴുവേലി, ചിറ്റാര്‍ എന്നിവിടങ്ങളിലെ വീടുകളുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഓണ്‍ ലൈനായി നടത്തി. ഗുണഭോക്താക്കളെ വീടിന്റെ താക്കോല്‍ കാണിച്ചതല്ലാതെ കയ്യില്‍ കൊടുത്തില്ല. സ്വന്തം സ്ഥലമായതിനാല്‍ ചിറ്റാറിലെ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് തുറന്നുകൊടുക്കുവാന്‍ മുത്തൂറ്റ് ഗ്രൂപ്പ് തയ്യാറായി. 2022 ഏപ്രില്‍ 25 നു പത്തനംതിട്ടയില്‍ നടന്ന പട്ടയമേളയില്‍ വീണ്ടും ഒരു ഉത്ഘാടന മാമാങ്കം കൂടി നടത്തി. ജില്ലയിലെ ഒരു മന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമായിരുന്നു ഇത്. ഈ രണ്ടു ഉത്ഘാടനത്തിലും തിളങ്ങിയത് ഇവരാണ്. രണ്ടാമത്തെ ഉത്ഘാടനത്തിലും താക്കോല്‍ കാണിച്ചു, എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ നല്‍കിയില്ല. വീണ്ടും മൂന്നാമത്തെ ഉത്ഘാടനത്തിന് തയ്യാറെടുക്കുകയാണ് റവന്യൂ അധികൃതര്‍.
ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിലും വന്‍അഴിമതിയും പക്ഷഭേദവും കാണിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടതും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതുമായ ആളുകള്‍ക്കാണ് വീട് നല്‍കേണ്ടത്. റവന്യൂ ഉദ്യോഗസ്ഥരാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെയും ഇഷ്ടക്കാരെയും ലിസ്റ്റില്‍ തിരുകിക്കയറ്റി. ഇത് പരിശോധിക്കേണ്ട ജില്ലാ കളക്ടറും മൌനം പാലിച്ചു. കടമ്പനാട് വീടുകളുടെ പണി നടന്നുകൊണ്ടിരുന്നപ്പോള്‍ പണികള്‍ വീക്ഷിക്കുവാന്‍ ഒരാള്‍ സ്ഥിരമായി മഹീന്ദ്ര സൈലോ പ്രൈവറ്റ് കാറില്‍ എത്താറുണ്ടായിരുന്നു. പലപ്രാവശ്യം കണ്ടതോടെ പണിക്കാര്‍ വിവരം തിരക്കി. അപ്പോഴത്തെ മറുപടി അവരെ ഞെട്ടിച്ചു. ഈ പണിയുന്ന വീടുകളില്‍ ഒന്ന് തനിക്കാണെന്നും അതുകൊണ്ടാണ് പണികള്‍ നോക്കുവാന്‍ താന്‍ വരുന്നതെന്നുമായിരുന്നു ഈ കൊച്ചുമുതലാളിയുടെ മറുപടി.
ജില്ലയിലെ ഗുണഭോക്ത പട്ടികയില്‍ പലരും അനര്‍ഹരാണ്. റാന്നി താലൂക്കിലെ ആദ്യ പട്ടികയില്‍ ഒരേപേരില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. ഒന്നാം ക്രമനമ്പറില്‍ എന്‍.തങ്കമ്മ എന്നും അഞ്ചാമതായി തങ്കമ്മ എന്‍. എന്നും ചേര്‍ത്തായിരുന്നു തട്ടിപ്പ്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ കണ്ടുകിട്ടുന്ന മുറക്ക് പട്ടികയില്‍ തിരുകിക്കയറ്റുവാനായിരുന്നു ഇത്. ഗുണഭോക്താക്കളില്‍ പലരുടെയും മക്കള്‍ സര്‍ക്കാര്‍ ജോലിക്കാരും സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരുമാണ്. ഒരു ഗുണഭോക്താവിന്റെ മകന്‍ വര്‍ഷങ്ങളായി വിദേശത്താണ് ജോലി, മറ്റൊരാള്‍ ഷിപ്പിലും ജോലി ചെയ്യുന്നു. 2018 ലെ കനത്ത മഴയില്‍ വീടിന്റെ പിന്നിലെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് മുറ്റത്ത് മണ്ണ് വീണവര്‍ക്കും റീ ബില്‍ഡ് പദ്ധതിയില്‍ വീട് കിട്ടി. ഇവരുടെ വീടിന് കാര്യമായ ഒരു തകരാറും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇവരും പട്ടികയില്‍ ഇടംനേടി.
മറ്റൊരു ഗുണഭോക്താവ് കുടുംബശ്രീ മുഖേന വായ്പ എടുത്ത് മുങ്ങിയിരിക്കുകയാണ്. ഇവര്‍ ഇപ്പോള്‍ ഭര്‍ത്താവിനോടൊപ്പം ഇല്ല. സ്വന്തമായി 50 സെന്റും 40 സെന്റും വസ്തു ഉള്ളവരും പാവപ്പെട്ടവര്‍ക്കുള്ള വീടിന്റെ അവകാശികളാണ്. മക്കളെല്ലാം വിദേശത്തും നാട്ടിലും ജോലിക്കാരാണ്. എന്നാലും ആ അമ്മയ്ക്കും വീട് വേണം. റേഷന്‍ കാര്‍ഡില്‍ ഇവരുടെ പേര് മാത്രമേ ഉള്ളു. വസ്തുവും ഇവരുടെ പേരില്‍ ഇല്ല. എന്നാല്‍ മക്കള്‍ എല്ലാവരും ഉയര്‍ന്ന സാമ്പത്തികശേഷി ഉള്ളവരാണ്. പട്ടികയിലെ ഗുണഭോക്താക്കളെ സംബന്ധിച്ച് വന്‍ ആരോപണങ്ങളാണ് ഉയരുന്നത്.
































