കുറവിലങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി ചങ്ങനാശ്ശേരി സ്വദേശി രാജു ആന്റണി കീഴടങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലും സൗത്ത് ഇന്ത്യന്‍ ബാങ്കിലും ഫെഡറല്‍ ബാങ്കിലുമടക്കം വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് രാജു ആന്റണി അടക്കമുള്ള വന്‍ റാക്കറ്റ് കോടികള്‍ തട്ടിയെടുത്തത്.
കോട്ടയം ജില്ലയിലെ കളത്തൂര്‍ സ്വദേശി മിനി ഷാജി, ഏറ്റുമാനൂര്‍ സ്വദേശി പാലമറ്റത്തില്‍ പി.ജെ. ജോജോ, ഏറ്റുമാനൂര്‍ സ്വദേശി ജയിംസ് ചാക്കോ, തെള്ളകം സ്വദേശി ചിലംബിട്ട പേരില്‍ സൂസന് തോമസ് എന്നിവരാണ് തട്ടിപ്പ് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം ആണെന്നും സിനിമ നിര്‍മാതാവാണെന്നും പരിചയപ്പെടുത്തി സമീപിച്ച് രാജു ആന്റണി 2018 ജൂലൈയിലാണ് തട്ടിപ്പ് നടത്തിയത്. ഒരുവര്‍ഷത്തിനുശേഷം ബാങ്കുകളുടെ അപ്പോയിന്റ്മെന്റ് ലെറ്റര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രാജു ആന്റണിക്കെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടു പലവട്ടം സമീപിച്ചെങ്കിലും ഉടന്‍ ജോലികിട്ടുമെന്ന് ഉറപ്പുനല്‍കി ഒഴിഞ്ഞുമാറിയതായാണ് പരാതിയില്‍ പറയുന്നത്. പിന്നീട് പണം മടക്കിനല്‍കാമെന്ന് ഉറപ്പുനല്‍കി വക്കീലിെന്റ സാന്നിധ്യത്തില്‍ ചെക്ക് നല്കി. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ചെക്ക് മടങ്ങിയതോടെയാണ് പണം നഷ്ടമായ പരാതിയുമായി പൊലീസിലും ഹൈകോടതിയിലും എത്തിയത്. രാജു ആന്റണി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുറവിലങ്ങാട് പൊലീസ് ഇന്‍സ്പെക്ടറുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോവിഡ് പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കി.































