തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെ നിയമിച്ചതിന് പിന്നാലെ യു.ഡി.എഫ് കണ്‍വീനറെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം സജീവമാക്കി. കെ.മുരളധീരന്‍ എം.പിയെയാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍ കണ്‍വീനറാകാന്‍ ഇല്ലെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ കെ.വി. തോമസിന് സാധ്യതയേറി.
നേമത്ത് റിസ്ക്കെടുക്കാന്‍ തയ്യാറായ മുരളീധരനെ കണ്‍വീനറാക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ താത്പര്യം. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യ സര്‍വേയിലും മുരളീധരന് മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നും നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നുമാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നതെന്ന് മുരളീധരന്‍ വ്യക്തമാക്കി.
മുരളിധരന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാപ്പെട്ട കെ.വി. തോമസാണ് കണ്‍വീനര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നില്ല. അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് താല്‍പര്യവുമുണ്ട്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് നാല് മാസം മാത്രം വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച കെ.വി. തോമസിനെ എ.ഐ.സി.സി മാറ്റിയത്. കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ.വി തോമസ് പൊട്ടിത്തെറിച്ചേക്കാം. അതുകൊണ്ടുതന്നെ തോമസിനെ തഴയുന്നതിനെ സോണിയ അനുകൂലിച്ചേക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ രാഹുലുമായി സോണിയ ചര്‍ച്ച നടത്തും. നിലവിലെ കണ്‍വീനറായ എം.എം. ഹസന് പദവിയില്‍ നിന്നുമാറാന്‍ താത്പര്യമില്ലെന്നും വിവരമുണ്ട്.