റാന്നി : കുരുമ്പന്‍മൂഴിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വന്‍ തോതില്‍ കൃഷി നശിപ്പിച്ചു. നദിയുടെ തീരത്തോടു ചേര്‍ന്നു മേഞ്ഞിരുന്ന കന്നുകാലികളെ ആക്രമിക്കാനും ശ്രമിച്ച കാട്ടാനയെ ഏറെ പണിപ്പെട്ട് കണമലയില്‍ നിന്നെത്തിയ വനപാലക സംഘം വനത്തില്‍ കയറ്റി വിട്ടു. ബുധനാഴ്ച വെളുപ്പിന് രണ്ടരയോടേയും അന്നു വൈകീട്ടുമായാണ് കാടിറങ്ങിയ ആന ജനവാസ മേഖലയില്‍ നാശം വിതച്ചത്. വീടിന്‍റെ മതിലുകളും കൈയ്യാലകളും തകര്‍ത്ത ആന കാര്‍ഷിക വിളകള്‍ മൂടോടെ നശിപ്പിച്ചു.
അജിത്ത് ടി.നായര്‍, ടി. ജി കുര്യന്‍ തോപ്പില്‍, ടി.വി വര്‍ഗീസ് തോട്ടുപുറം, ജോജി ജോസഫ് പനച്ചിപ്പുറം, സിജു മാത്യു ചിറ്റേടത്ത് തുടങ്ങിയവരുടെ കൃഷികളാണ് നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. രാവിലെ ഏഴു വരെ കൃഷിയിടത്തു നിലയുറപ്പിച്ച ആന നാട്ടുകാര്‍ സംഘടിച്ച് ബഹളം വെച്ചതോടെയാണ് ആന പമ്പാനദി കടന്ന് മറു കരയിലെത്തിയത്.
തുടര്‍ന്ന് കാടു കയറിയ ആന വൈകീട്ട് അഞ്ചുമണിയോടെ തിരികെ വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും കന്നുകാലികളെ ആക്രമിക്കാനും ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കണമലയില്‍ നിന്നുമെത്തിയ വനപാലക സംഘം ഏറെ പണിപ്പെട്ട് ആനയെ കാട്ടിലേക്ക് മടക്കുകയായിരുന്നു. മുമ്പ് കാടിനോടു ചേര്‍ന്നു മാത്രമായിരുന്നു ശല്യമെങ്കില്‍ ഇപ്പോള്‍ നദിയുടെ മറു കരയിലുമെത്തി ആന നാശം വിതക്കാന്‍ തുടങ്ങിയത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്.






























