കോന്നി : കലഞ്ഞൂരില്‍ പാറമടക്കെതിരെ വീണ്ടും ജനങ്ങള്‍ സംഘടിക്കുന്നു. നിരവധി പാറമടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് കലഞ്ഞൂര്‍. ഖനനത്തിന് ലൈസന്‍സ് കിട്ടുവാനും ഇവിടെ വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ ക്വാറി മാഫിയാകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാടായി കലഞ്ഞൂര്‍ മാറി.
കലഞ്ഞൂര്‍ പഞ്ചായത്തിലെ കല്ലുവിളയിൽ പുതിയതായി ഒരു പാറമട കൂടി വരാന്‍ പോകുകയാണ്. സച്ചു രാജൻ ഈപ്പൻ എന്ന സ്വകാര്യ വ്യക്തിയാണ് ഇതിന്റെ ഉടമയെന്ന് പറയുന്നു. ജനവാസമേഖലയില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ക്വാറി തുടങ്ങാന്‍ നീങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ലൈസന്‍സ് നല്‍കുവാന്‍ പഞ്ചായത്തും തയ്യാറാണ്. പാറമട ഇവിടെ തുടങ്ങിയാല്‍ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും. ഇക്കാര്യം അധികൃതരുടെ മുമ്പില്‍ പലപ്രാവശ്യം പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. സമരസമിതി ചെയര്‍മാനായി രഘുനാഥ്, ജനറൽ കൺവീനര്‍മാരായി നിഷാ സാം, ബിമൽ കുമാർ എന്നിവരെയും തെരഞ്ഞെടുത്തു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഇ പി അനിൽ, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിലവിൽ ഒമ്പത് ക്വാറികളും നാല് ക്രഷർ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്ന കലഞ്ഞൂർ പഞ്ചായത്തിൽ ഇനി ഒരു പാറമടകൂടി വരാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.