കാസര്‍കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടക ഏര്‍പ്പെടുത്തിയ യാത്ര നിയന്ത്രണത്തിന് എതിരെ തലപ്പാടി അതിര്‍ത്തിയില്‍ മലയാളികളുടെ പ്രതിഷേധം. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യാത്രക്കാര്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള ചരക്ക് വാഹനങ്ങള്‍ അടക്കം തടഞ്ഞിട്ടു. 20 മിനിറ്റോളം നീണ്ട സമരം മഞ്ചേശ്വരം സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നണ് അവസാനിപ്പിച്ചത്.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഉള്‍പ്പെടെ അതിര്‍ത്തി കടക്കുന്ന എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി, അതിര്‍ത്തിയില്‍ പരിശോധന നടത്താമെന്ന് പറഞ്ഞ അധികൃതര്‍ രാവിലെ 10 മണിയോടെ കൗണ്ടര്‍ അടച്ചു, അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്നും അനുവദിക്കുന്നില്ല, പ്രതിഷേധിച്ച ഒരാളെ മംഗലൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മലയാളികളുടെ പ്രതിഷേധം.
സൂചനാ സമരമാണിതെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഒന്നര വര്‍ഷമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 20 മിനിറ്റോളം പ്രതിഷേധിച്ചവര്‍ പിന്നീട് സമരം അവസാനിപ്പിച്ച് കേരളത്തിലേക്കുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ നിബന്ധനകളില്‍ ഒരു ഇളവ് വരുത്താനും കര്‍ണാടക തയ്യാറായിട്ടില്ല.
കേരളത്തില്‍ നിന്നാണ് കര്‍ണാടകയിലേക്ക് കോവിഡ് പടരുന്നത് എന്നും ഇത് വലിയ പ്രതിസന്ധിയാണ് ദക്ഷിണ കന്നടയില്‍ ഉണ്ടാക്കുന്നതെന്നും കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്തര്‍സംസ്ഥാന ബസുകളും റദ്ദാക്കിയിരിക്കുകയാണ്. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് കാസര്‍കോട് ജില്ലക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് മംഗലാപുരത്തെയാണ്. ഒന്നാം ലോക്ക്ഡൗണില്‍ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് 13 പേരാണ് മംഗലാപുരത്ത് ആശുപത്രികളില്‍ വൈദ്യസഹായം ലഭിക്കാതെ മരണപ്പെട്ടത് .
കെഎസ്‌ആര്‍ടിസി ബസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.അവിടെ വെച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കായി യാത്രക്കാരില്‍ നിന്നും സാംപിള്‍ ശേഖരിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. തലപ്പാടിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക.
നേരത്തെ രണ്ടു വാക്സിന്‍ എടുത്തവരെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് കടത്തിവിട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ കോവിഡ് കൂടുന്ന സാഹചര്യത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് കടത്തിവിടേണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് നിര്‍ബന്ധമാണെന്നാണ് കര്‍ണാടക പറയുന്നത്.
തമിഴ്‌നാട് വാളയാര്‍ അതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാളയാര്‍ അതിര്‍ത്തി കടത്തിവിടുന്നത്. കുമളി അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
































