കൊച്ചി : പുനലൂര്‍ കേച്ചേരി ചിട്ടി ഫണ്ട് തട്ടിപ്പിനിരയായ നിക്ഷേപകര്‍ കോടതിയിലേക്ക്. കേച്ചേരി ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (കെ.ജി.ഐ.എ) ആണ് നിയമനടപടിയുമായി മുന്നോട്ടു നീങ്ങുന്നത്. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ നിക്ഷേപകര്‍ക്കുവേണ്ടി ഹാജരാകുന്ന ഡല്‍ഹി ആസ്ഥാനമായുള്ള ന്യൂട്ടന്‍സ് ലോ അഭിഭാഷക കമ്പിനിയാണ് കേച്ചേരി ഫിനാന്‍സ് തട്ടിപ്പിനിരയായിട്ടുള്ള നിക്ഷേപകരുടെയും കേസ് വാദിക്കുന്നത്.
50 നിക്ഷേപകരുടെ റിട്ട് ഹര്‍ജി കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍ കക്ഷികളായ ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവരോട് വിശദീകരണം ആരാഞ്ഞുകൊണ്ട് നോട്ടീസ് അയച്ചു. പുനലൂര്‍ എസ്.എച്ച്.ഓയും കൊട്ടാരക്കര എസ്.എച്ച്.ഓയും ഇതില്‍ കക്ഷികളാണ്. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. ബഡ്സ് ആക്ട് പ്രകാരം പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും നിക്ഷേപകര്‍ കോടതിയില്‍ ബോധിപ്പിച്ചു. പ്രമുഖ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ് (സുപ്രീംകോടതി), രാജേഷ് കുമാര്‍ റ്റി.കെ (കേരളാ ഹൈക്കോടതി) എന്നിവര്‍ കെ.ജി.ഐ.എ ക്കുവേണ്ടി ഹാജരായി.
പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് നടന്നപ്പോള്‍ പോലീസ് സ്വീകരിച്ച അതെ നിലപാട് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഒരു സഹായവും പോലീസ് ചെയ്യുന്നില്ലെന്നും കേച്ചേരി ഫിനാന്‍സിലെ നിക്ഷേപകര്‍ പറഞ്ഞു. നൂറ്റിഅമ്പതിലധികം പരാതികള്‍ നല്‍കിയിട്ടും ഒരു എഫ്.ഐ.ആര്‍ പോലും പുനലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തില്ല. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും ഇതുതന്നെയാണ് അവസ്ഥ. തട്ടിപ്പിനിരയായ നിക്ഷേപകരോട് വളരെ നികൃഷ്ടമായ രീതിയിലാണ് ചില പോലീസുകാര്‍ പെരുമാറുന്നതെന്നും ആരോപണമുയരുന്നു.
പുനലൂരില്‍ കേന്ദ്ര ഓഫീസുമായി പ്രവര്‍ത്തിക്കുന്ന കേച്ചേരില്‍ ഫിനാന്‍സ് ആന്‍ഡ് ചിട്ടി ഫണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 35 ബ്രാഞ്ചുകളുണ്ട്. പ്രാഥമിക കണക്ക് പ്രകാരം 500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കരുതുന്നു. ആയിരത്തോളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പുനലൂര്‍ കമുകുംചേരി ഹരിഭവനത്തില്‍ വേണുഗോപാല്‍ എസ് ആണ് സ്ഥാപന ഉടമ. ഭാര്യ ബിന്ദു വേണുഗോപാല്‍, മകന്‍ വിഘ്നേഷ് വേണുഗോപാല്‍, മകള്‍ പാര്‍വതി വേണുഗോപാല്‍ എന്നിവര്‍ കേച്ചേരി കമ്പിനിയുടെ ഡയറക്ടര്‍മാര്‍ ആയിരുന്നുവെങ്കിലും ഈയടുത്ത കാലത്ത് വളരെ ബുദ്ധിപൂര്‍വ്വം കുടുംബാംഗങ്ങളെ കമ്പിനിയുടെ ഭരണസമിതിയില്‍ നിന്നും മാറ്റിയിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ ഉടമ റോയിയും ഭാര്യയും മൂന്ന് പെണ്‍ മക്കളും പ്രതികളായി ജയിലില്‍ കിടന്നിരുന്നു. ഈ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് കേച്ചേരി വേണുഗോപാല്‍ കുടുംബാംഗങ്ങളെ കമ്പിനിയുടെ ഭരണസമിതിയില്‍ നിന്നും മാറ്റിയത്.
കേച്ചേരി പ്രധാനമായും ചിട്ടിക്കമ്പിനിയായിരുന്നു. എന്നാല്‍ ഇതോടൊപ്പം നിക്ഷേപങ്ങളും സ്വീകരിച്ചിരുന്നു. പല പ്രമുഖരുടെയും കള്ളപ്പണം ഇവിടെ നിക്ഷേപമായി ഉണ്ടായിരുന്നു. ഇതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയ ബുക്കുകള്‍ രഹസ്യമായി മാറ്റിക്കഴിഞ്ഞുവെന്നും നിക്ഷേപകര്‍ പറയുന്നു. നിരവധിയാളുകള്‍ ഇവിടെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. ചിട്ടി പിടിക്കുന്നവര്‍ക്ക് പണം നല്‍കാതെ അത് ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് മാറ്റും. ചിട്ടിക്ക് അടക്കുവാനുള്ള പണം പലിശയിലൂടെ ലഭിക്കുമെന്നതിനാല്‍ പലരും കേച്ചേരിയുടെ ഈ തന്ത്രത്തില്‍ വീണു. കേച്ചേരി വേണുഗോപാല്‍ ഇപ്പോള്‍ റിമാന്റില്‍ കൊട്ടാരക്കര സബ് ജയിലിലാണ്. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അതുവരെ പോലീസിന്റെ സഹായത്തോടെയാണ് ഇയാള്‍ നിര്‍ബാധം സഞ്ചരിച്ചിരുന്നത്.
കേച്ചേരി ചിട്ടിക്കമ്പിനി തകര്‍ന്നതോടെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ സംഘടിച്ചു. കേച്ചേരി ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ (കെ.ജി.ഐ.എ) എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടനയാണ് നിയമപോരാട്ടവുമായി നീങ്ങുന്നത്. ഭാരവാഹികള്‍ – ഉണ്ണി പി.കെ (പ്രസിഡന്റ് – 85470 28792), വിജയകുമാര്‍ കെ.(സെക്രട്ടറി – 90610 81102), കെ.വി.മാമ്മന്‍ (ട്രഷറാര്‍ – 94475 55743), തോമസ് (വൈസ് പ്രസിഡന്റ് – 85902 78721), രാജേന്ദ്രന്‍ ആര്‍.(ജോയിന്റ് സെക്രട്ടറി – 97473 21181).
© Copyright Online Media Chief Editors Guild. All rights reserved.
































