ഡല്‍ഹി : കേരളത്തിൽ ഈ വർഷത്തെ മൺസൂൺ മഴ നേരത്തെ തുടങ്ങുമെന്ന് പ്രവചനം. പൊതുവെ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ അതായത് മെയ് 28-ന് തന്നെ കേരള തീരത്ത് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. സാഹചര്യങ്ങളിൽ മാറ്റം വന്നാൽ കാലവർഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കിൽ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്കൈമെറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമർദ്ദമാണ് മൺസൂൺ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. മെയ് 22-ഓടെ മാത്രമേ ആൻഡമാനിൽ കാലവർഷം കനക്കുകയുളളു എന്നാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മെയ് 25-നും ജൂൺ 8നും ഇടയിലാണ് കാലവർഷം പൊതുവേ കേരളത്തിൽ ആരംഭിക്കാറുള്ളത്. 2009-ലെ മെയ് 23-ന് കേരളത്തിൽ കാലവർഷം ആരംഭിച്ചിരുന്നു. പക്ഷേ 2016-ലും പിന്നീട് 2019-ലും കാലവർഷം എത്താൻ ജൂൺ എട്ട് വരെ കാത്തിരിക്കേണ്ടിയും വന്നു.