പത്തനംതിട്ട : അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തിയ അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ നടന്ന അടൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനായി സമഗ്രസര്‍വ്വേയിലൂടെ അതിദരിദ്രരെ കണ്ടെത്താന്‍ സാധിച്ചിരുന്നു. സംസ്ഥാനത്ത് ദാരിദ്ര്യം പൂര്‍ണമായി തുടച്ചു മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
നാഷണല്‍ ഹൈവേ, മലയോര-തീരദേശ ഹൈവേ, വാട്ടര്‍ മെട്രോ, കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സുകളുടെ നിര്‍മാണം, സംരംഭകരുടെ സ്റ്റാര്‍ട്ട്ആപ്പുകള്‍ തുടങ്ങി വൈജ്ഞാനിക സമ്പത്ത് കെട്ടിപ്പടുക്കാനായി ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയവയില്‍ എല്ലാം തന്നെ ബോധപൂര്‍വമായ വികസനകുതിപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന മൊബൈല്‍ ആപ്പായ കെ-സ്മാര്‍ട്ട് (കേരള സൊലൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫമേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍)
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. 2024 ജനുവരിയോടെ എല്ലാ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കിയശേഷം പഞ്ചായത്തുകളിലേക്കും ഈ സംവിധാനം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിപുലീകരണം ലോകത്തിനു മുന്നില്‍ തുറന്ന് കാട്ടുന്നതിനായുള്ള സാധ്യതകള്‍ മനസിലാക്കി അനുയോജ്യമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക, കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
നവകേരളത്തിന്റെ മറ്റൊരു ലക്ഷ്യം മാലിന്യമുക്ത നവകേരളമാണ്. കക്ഷി രാഷ്ട്രീയമില്ലാതെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഇന്ത്യയ്ക്ക് മാതൃകാപരമായ വികസനം സാധ്യമാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. അസാധ്യമായതിനെ സാധ്യമാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ആശയം. നവകേരള സദസ്സിലൂടെ ലക്ഷ്യം വെയ്ക്കുന്നത് കേരളത്തെ പുനഃസ്ഥാപിക്കല്‍ അല്ല പുതുകേരളത്തെ സൃഷ്ടിക്കുകയാണ്.
കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രത്യാഘാതം ഉയര്‍ത്തിയ നിരവധി വെല്ലുവിളികളാണ് 2018, 19, 20 വര്‍ഷങ്ങളില്‍ ഉണ്ടായത്. വെല്ലുവിളികളെ സധൈര്യം നേരിട്ട് കേരളത്തെ കെട്ടിപ്പടുക്കാനും വികസനകുതിപ്പിലേക്ക് കൊണ്ടുവരാനും സാധിച്ചത് മികവുറ്റ ഒരു ഭരണകേന്ദ്രത്തിന്റെയും അതിന്മേല്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.





























