കോന്നി : തൂമ്പാകുളത്ത് ഓട്ടോറിക്ഷ താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടി മരിച്ചു. യദു കൃഷ്ണ (4) ആണ് മരിച്ചത്. വാഹനം മറിഞ്ഞ തോട്ടിൽ പാറകൾക്ക് ഇടയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് കുട്ടികളും ഡ്രൈവറും അടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആദിലക്ഷ്മി എന്ന കുട്ടി മരണപ്പെടുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തെങ്കിലും യദുകൃഷ്ണയെ കാണാനില്ല എന്ന് ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കോന്നി അഗ്നി രക്ഷാ സേന, കോന്നി, തണ്ണിത്തോട് പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയത്.
തിരച്ചിലിന് ഒടുവിൽ രാത്രി എട്ട് മണിക്ക് ശേഷം അപകടം നടന്ന സ്ഥലത്തെ തോട്ടിലെ പാറകൾക്ക് ഇടയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.





























