കോന്നി : കോന്നി മെഡിക്കൽ കോളേജ് ആദ്യ ബാച്ചിന് ജന പ്രതിനിധികളുടെയും മെഡിക്കൽ കോളേജ് പ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. 81 വിദ്യാർഥികൾ ആണ് കോന്നി മെഡിക്കൽ കോളേജിൽ ആദ്യ ഘട്ടത്തിൽ പ്രവേശനം നേടിയത്.മെഡിക്കൽ കോളേജിൽ എത്തിയ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി വീണ ജോർജ്ജ്,കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ,പത്തനംതിട്ട ജില്ലാ കലക്റ്റർ ദിവ്യ എസ് അയ്യർ,ജന പ്രതിനിധികൾ മെഡിക്കൽ കോളേജ് അധികൃതർ തുടങ്ങിയവർ ചേർന്ന് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആണ് വിദ്യാർത്ഥികളെ സമ്മേളന ഹാളിലേക്ക് കൊണ്ടുപോയത്.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായാണ് മെഡിക്കൽ വിദ്യാർത്ഥികളും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിൽ എത്തിയത്.കഴിഞ്ഞ ദിവസം തന്നെ കോന്നിയിൽ എത്തിയ ഇവർ പ്രവേശന ദിവസം രാവിലെ 8 മണിയോടെ കോന്നി മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.പ്രകൃതി രമണീയമായ കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് നിറഞ്ഞ് നിന്ന മഞ്ഞിൽ സെൽഫി എടുത്തും മഞ്ഞുമൂടിയ മലനിരകളുടെ ചത്രങ്ങൾ പകർത്തിയും വിദ്യാർഥികൾ സന്തോഷം പങ്കുവെച്ചു.





























