കോന്നി : സീതത്തോട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിൽ പുതുതായി നിർമ്മിക്കുവാൻ പോകുന്ന ഷോപ്പിംഗ് കോംപ്ലക്സ് സംബന്ധിച്ച അഴിമതിയിൽ കോന്നി എം എൽ എ അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ ക്ക് പങ്കുള്ളതായി ആരോപിച്ച് കോൺഗ്രസ് സീതത്തോട് മണ്ഡലം കമ്മറ്റി ബന്ധപ്പെട്ടവർക്ക് പരാതി നൽകി. കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢ നീക്കങ്ങളും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷിക്കണം ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്.
പഞ്ചായത്തിന്‍റെ വികസന ഫണ്ടിൽ നിന്നും 8.79 കോടി ചെലവഴിച്ച് വ്യാപാര സമുച്ചയം പണിയാനാണ് കേരള ഭവന നിർമ്മാണ ബോർഡിനെ ഉപയോഗിച്ച് 2022 ജൂണിൽ ഡിപിആർ തയ്യാറാക്കിയത്. എന്നാൽ ഭവന നിർമ്മാണ ബോർഡിന് കരാർ നൽകാൻ നിർദ്ദേശിച്ച കോന്നി എംഎൽഎ ജനീഷ് കുമാറിന്‍റെ പ്രത്യേക താല്പര്യത്തിനാണ് പിന്നീട് 141ഉം 241ഉം പേരെ ഉൾക്കൊള്ളാവുന്ന രണ്ടു തീയറ്ററുകൾ മൂന്നും നാലും നിലകളിലായി ക്രമീകരിച്ചത് വഴി 16.93 കോടി രൂപയുടെ പദ്ധതിയായി മാറ്റി. ഡി പി ആർ അംഗീകരിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചപ്പോൾ പോലും കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി പഞ്ചായത്തിന് കൈവശരേഖ പോലും ഉണ്ടായിരുന്നില്ല.
ഇതിനെതിരെ വിവരാവകാശവും പരാതിയും ഉയർന്നപ്പോൾ എംഎൽഎ താലൂക്ക് വില്ലേജ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി കൈവശ രേഖ തരപ്പെടുത്തിയിരി ക്കുകയാണെന്നും കോൺഗ്രസ് ഭാരവാഹികൾ പറയുന്നു
അഞ്ചുനിലകളായി 30000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്തിന്‍റെയോ ഫയർ ഉൾപ്പെടെ മറ്റ് ഏജൻസികളുടെയോ അംഗീകാരം ഭവന നിർമ്മാണ ബോർഡിനു നൽകിയിട്ടില്ല. പിഡബ്ല്യുഡി റോഡിൽ നിന്നും പഞ്ചായത്ത് റോഡിൽ നിന്നും കൃത്യമായ അകലം പാലിക്കാതെയും മറ്റു കെട്ടിട നിർമ്മാണചട്ടങ്ങൾ പാലിക്കാതെയുമാണ് നിർമ്മാണം നടത്താൻ പോകുന്നതെന്നാണ് ഭവന നിർമ്മാണ ബോർഡിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.
കെട്ടിട നിർമ്മാണ ചട്ടം പരിപാലിക്കേണ്ടവർ തന്നെ ലംഘനം നടത്തുന്ന പദ്ധതിയായി ഇത് മാറുകയാണ്. ഇതു സംബന്ധിച്ച് വിജിലൻസ് ചീഫ് ടൗൺപ്ലാനർക്ക് പരാതി നൽകിയിട്ടുണ്ട്. പദ്ധതി തുക വർദ്ധിപ്പിക്കുവാനായി രണ്ടു തീയറ്റർ ഉൾപ്പെടുത്തിയപ്പോൾ അതിന്‍റെ ഉൾവശക്രമീകരണത്തിനായി മാത്രം 5.50കോടി രൂപ തിരുവനന്തപുരം ആസ്ഥാനമായ ഒരു കമ്പനിയുടെ കൊട്ടേഷൻ പ്രകാരം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതായി ഡി .പി .ആർ ൽ പറയുന്നു. ഇത്തരത്തിൽ നിരവധി പൊരുത്തക്കേടുകൾ പദ്ധതിയുടെ ഡി.പി. ആർ ൽ കാണാൻ കഴിയും.
വിവരവകാശ അപേക്ഷകൾ നൽകിയതിനുശേഷമാണ് രേഖകൾ ഇല്ലാത്ത ഭൂമിയുടെ പേരിൽ വ്യാജ സർവ്വേ നമ്പറിൽ കെട്ടിട നിർമ്മാണ പെർമിറ്റ് ഉണ്ടാക്കിയത് അഴിമതി പുറത്ത് അറിയാതിരിക്കുവാനുള്ള വ്യഗ്രതയിലാണ്. പഞ്ചായത്ത് ഓഫീസിൽ പെർമിറ്റ് സംബന്ധമായ ഒരു രേഖയും ഇല്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചപ്പോൾ ഭവന നിർമ്മാണ ബോർഡിൽ നിന്നും ലഭിച്ച കെട്ടിട നിർമ്മാണ പെർമിറ്റിലും പ്ലാനുകളിലും കാണിച്ചിരിക്കുന്ന S3-1258 /22എന്ന പെർമിറ്റ് നമ്പർ വ്യാജമാണ്. അപേക്ഷ സ്വീകരിച്ചതായി പറഞ്ഞിരിക്കുന്ന ജനുവരി 8 രണ്ടാം ശനിയാഴ്ചയും അപേക്ഷ നമ്പർ വ്യാജവുമാണ്. ഇതിൽ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്‍റെതായി പറയുന്ന 260/1എന്ന സർവേ നമ്പർ നിലവിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്ന ഭൂമിയുടെതും 1091/2 ആങ്ങമുഴി ഗവ.ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്തിന്റെതും 246/6 എന്നത് വില്ലേജ് രേഖകളിൽ ഇല്ലാത്തതുമാണ്.
പെർമിറ്റിൽ ഒപ്പിട്ടിരിക്കുന്ന സെക്രട്ടറി അന്നേദിവസം അവധി ആണെന്നും വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ഭവന നിർമ്മാണ ബോർഡ് ഡി.പി.ആർ സമർപ്പിച്ച് പഞ്ചായത്ത് ഭരണസമിതി ഭരണാനുമതി നൽകിയ പദ്ധതിക്ക് മൂന്നര മാസം മുൻപ്തന്നെ സെക്രട്ടറി കെട്ടിട നിർമ്മാണ അനുമതി നൽകിയതായാണ് പെര്‍മിറ്റില്‍ കാണുന്നത്. എന്തിനുവേണ്ടി ആരുടെ നിർദ്ദേശപ്രകാരം വ്യാജ പെർമിറ്റ് നിർമ്മിച്ചുവെന്നതും അന്വേഷിക്കണം. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്‍റ് എൻജിനീയർ ഭവന നിർമ്മാണ ബോർഡ് തിരുവല്ല ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ പ്രതികളാക്കി സംസ്ഥാന വിജിലൻസ് മേധാവിക്ക് തെളിവുകൾ ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
വിദൂര ഭാവിയിൽ പോലും ഒരുതരത്തിലും ലാഭമുണ്ടാകാനുതകാത്ത പദ്ധതി ഗ്രാമപഞ്ചായത്തിന് വളരെയേറെ നഷ്ടം ഉണ്ടാക്കുന്ന ഒരു വെള്ളാനയായിത്തീരും. റോഡ് നിരപ്പിൽ നിന്നും 6 അടി ഉയർന്ന് രണ്ടു നിലകളിലായി ചെറുതും വലുതുമായ 28 മുറികൾ മാത്രമാണ് ഈ വാണിജ്യസമുച്ചയത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കായി ഉള്ളത്. പകുതിയിലേറെയും 100 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണ്ണം ഉള്ളവ. ഏകദേശം മൊത്തം വിസ്തീർണത്തിന്‍റെ 20% .
ഒരു വർഷം മുൻപ് പൊളിച്ചു നീക്കിയ കെട്ടിടത്തിൽ നിന്നും ലഭിച്ചിരുന്ന വരുമാനം പോലും 17 കോടി മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിൽ നിന്നും പഞ്ചായത്തിന് ലഭിക്കില്ല. എംഎൽഎയും പഞ്ചായത്ത് ഭരണ നേതൃത്വവും പണം സമ്പാദനത്തിനായാണ് നാടിന് അനുയോജ്യമല്ലാത്ത ഒന്നിലധികം തീയറ്റർ കൂടി ഉൾപ്പെടുത്തി പദ്ധതി തുക ഇരട്ടിയിലധികം വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതിനായി പഞ്ചായത്ത് ഭവന നിർമ്മാണ ബോർഡുമായി ഏർപ്പെട്ടിട്ടുള്ള വ്യക്തതയില്ലാത്ത കരാർ പ്രകാരം നാലു കോടിയോളം രൂപ ഭവന നിർമ്മാണ ബോർഡിന് കൈമാറുവാൻ ഉള്ള നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ വിയോജനം ഒന്നിലധികം തവണ ഭരണസമിതി യോഗങ്ങളിൽ രേഖാമൂലം നൽകുകയും സെക്രട്ടറിമാരും തങ്ങളുടെ വിയോജനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തൻമൂലം പണം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അഴിമതിക്ക് കൂട്ടുനിൽക്കാത്ത സെക്രട്ടറിമാർക്കെതിരെ എംഎൽഎ യും പ്രസിഡണ്ടും മാനസിക പീഡനം നടത്തിയത് കാരണം ഒരാൾ വന്ന് മൂന്നുമാസം തികയും മുമ്പ് സ്ഥലംമാറ്റം വാങ്ങി പോവുകയും പിന്നീട് വന്ന സെക്രട്ടറി കഴിഞ്ഞദിവസം അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ഇപ്പോൾ ചുമതലയിലുള്ള അസിസ്റ്റന്‍റ് സെക്രട്ടറിയും ബോർഡിന് പണം നൽകാനായി മാത്രം വിളിച്ച് ചേർന്ന അടിയന്തര കമ്മറ്റിയിലും വിയോജനം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും കോൺഗ്രെസ് സീതത്തോട് മണ്ഡലം പ്രസിഡണ്ട് രതീഷ് കെ നായർ ആവശ്യപെടുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































