കോന്നി : നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ നിന്നും അനധികൃതമായി തേക്കുതടികൾ മുറിച്ച് കടത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ കൂടി വനപാലകർ പിടികൂടി. കൊക്കാത്തോട് ഒരേക്കർ സ്വദേശികളായ താന്നിമൂട്ടിൽ സമീർ(30), പുത്തൻവീട്ടിൽ അൻവർഷാ(25), തൊണ്ടൻവേലിൽ ജോതിഷ് (22) എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
മാർച്ച് ഇരുപത്തിയൊന്നിനാണ് നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്ന് വനപാലകരുടെ ഒത്താശയോടെ തേക്കുമരങ്ങള്‍ മുറിച്ച് കടത്തിയത്. തേക്കുതടി മുറിച്ച് കടത്തുവാൻ സഹായിച്ച മധു, ചെക്‌പോസ്റ്റ് വാച്ചർ വർഗീസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലയിലെ കേരളപുരത്ത് തടിമില്ലിന് സമീപത്തെ വീട്ടിൽ നിന്നുമാണ് തടി ഉരുപ്പടികൾ കണ്ടെടുത്തത്. വനംകൊള്ളക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ രണ്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഒരു ട്രൈബൽ വാച്ചർ എന്നിവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.