25 C
Pathanāmthitta
Thursday, June 16, 2022 9:02 pm

മെഡിക്കല്‍ കോളേജ് വഴി കല്ലറയില്‍ ….. ദേവലോകത്തേക്കും ബസ്സ്‌ സര്‍വീസ്

സ്ഥലനാമങ്ങള്‍ പലപ്പോഴും രസാവഹങ്ങളാണ്. എന്നാല്‍ ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു. അത്രക്ക് വ്യത്യസ്തമാണ് ഓരോ പേരുകളും. കോട്ടയം ജില്ലക്ക് ഇത്രമാത്രം   പ്രത്യേകതകള്‍ ഉണ്ടെന്ന് ഒരുപക്ഷെ പലരും അറിഞ്ഞിട്ടുണ്ടാവില്ല. ഇത് വായിക്കുമ്പോള്‍ രസകരമായിരിക്കും. ഓരോ സ്ഥലനാമങ്ങളുടെയും പിന്നില്‍ അതിലും രസകരമായ പല കഥകളും ഉണ്ടാകും, അത് ആ നാട്ടുകാര്‍ക്ക് മാത്രം അറിയാവുന്ന കഥകള്‍.

കോട്ടയത്തെ ഒരു പ്രധാന സ്ഥലമാണ്  “പരിപ്പ് “, അത് വറുക്കാൻ “തിരുവാർപ്പ് ” എന്ന സ്ഥലവും കോട്ടയത്തുണ്ട്‌. നോൺ വെജിറ്റേറിയന്‍ വേണമെങ്കിൽ  “കുറിച്ചി” അതു പൊതിഞ്ഞു കിട്ടുന്ന “പൊതി”. അത് കറിവെക്കാൻ  “ചെമ്പ് ” . മെഡിക്കൽ കോളേജ് വഴി  “കല്ലറ” എന്ന ഞെട്ടിക്കുന്ന ബോര്‍ഡ് കോട്ടയത്തെ ബസ്സുകളില്‍ കണ്ടാല്‍ അതിശയിക്കേണ്ട. കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളെക്കുറിച്ച് പൂര്‍വ്വികര്‍ അന്നേ മനസ്സില്‍ കണ്ടിരുന്നു. “കല്ലറ” കൊണ്ട് കഴിഞ്ഞുവെന്ന് കരുതിയാല്‍ തെറ്റി, അവിടുന്ന്  “ദേവലോകം” പോകുവാനും ബസ്സുണ്ട്, നിറയെ യാത്രക്കാരും.

“കുട്ടിപ്പടിയും” കൂടെ “അച്ഛൻപടിയും”  “അപ്പച്ചിപ്പടിയും” ഉള്ള നാട്…. “മോസ്കോ” യും “വത്തിക്കാനും”
“താഷ്കെന്റ് ഉം”  അത്യാവശ്യം വേണമെങ്കിൽ  “പാകിസ്ഥാൻ” പോലും ഉള്ള നാട്, “പന്നിമറ്റവും”   “മീനടവും” “പട്ടിത്താനവും”  “എരുമപ്പെട്ടിയും”  “കാക്കത്തോട് ”  “മൂങ്ങാക്കുഴി”  “മൂങ്ങാനി”  “എലിവാലി” “സിംഹവനം” “മാൻവെട്ടം”  ‘പുലിക്കുട്ടിശ്ശേരി”  “പട്ടിയാലിമറ്റം”  “എരുമേലി”  “പാമ്പാടി” എന്നിങ്ങനെ പക്ഷിമൃഗങ്ങളെ സ്നേഹിക്കുന്ന നാട്.

വേങ്ങത്താനം,  കാഞ്ഞിരമറ്റം,  കാഞ്ഞിരപ്പള്ളി,  കാഞ്ഞിരത്തിൻ മൂട്,  കൂവപൊയ്ക, ആഞ്ഞിലി മൂട്, പേരച്ചുവട്, ഒട്ടയ്ക്കൽ, ആലുംമൂട്,  കൊച്ചാലുംമൂട്,  അമ്പഴത്തും കുന്ന്,  ഇത്തിത്താനം, വാകത്താനം, നെല്ലിക്കൽ, പനച്ചിക്കാട് പൂവത്തിളപ്പ്, മൂന്നിലവ്, ഓട്ടക്കാഞ്ഞിരം, പാല എന്നിങ്ങനെ വൃക്ഷസ്നേഹം പ്രകടിപ്പിക്കുന്ന നാട് ……. തെക്കേത്തു കവല, നാൽകവല, കൈലാത്തു കവല, പുളിക്കൽ കവല, കുട്ടിക്കാട്ടു കവല, പേട്ട കവല, നൂറ്റൊന്നു കവല, എന്നിങ്ങനെ കവലകൾ ഇഷ്ടംപോലെ…..

പാറക്കുളവും, ഒറവയ്ക്കലും, മണിപ്പുഴയും പള്ളിക്കത്തോടും, പച്ചാതോടും, എരുത്ത്പുഴയും കറുകച്ചാലും, അതിരമ്പുഴയും കൈപ്പുഴയും പാതാമ്പുഴയും പാറമ്പുഴയും എന്നിങ്ങനെ ജല സമൃദ്ധമായ നാട്….
അരീക്കര, അമനകര, മറ്റക്കര, ആർപ്പൂക്കര ഇങ്ങനെ വിവിധ കരകൾ…. മണർകാട്, മറ്റക്കാട് കടയനിക്കാട്, ഇലയ്ക്കാട്, തോട്ടയ്ക്കാട്, ആനിക്കാട് കപിക്കാട്, വാക്കാട് എന്നിങ്ങനെ കാടിന്റെ മക്കൾ……

പരുത്തുംപാറ, തവളപ്പാറ, തോണിപ്പാറ, ചാത്തൻപാറ എന്നിങ്ങനെയുള്ള പാറമട മാഫിയ…..
ചങ്ങനാശ്ശേരി, നെയ്യാട്ടുശ്ശേരി, അമ്മഞ്ചേരി, വാരിശ്ശേരി എന്നിങ്ങനെ ചേരി ബന്ധം…..
പൊൻകുന്നം, അയർക്കുന്നം, മാണികുന്നം, പറയൻകുന്ന്, വട്ടകകുന്ന്, ചെട്ടിക്കുന്ന്, എന്നിങ്ങനെ
എത്രയോ കുന്നുകൾ…… വട്ട്കളവും, വട്ടുകുളവും, ലോക്ഡൗൺ കാലത്ത് അത്യാവശ്യമാണെങ്കിൽ വാറ്റ്പുരയും……..

കടപ്പൂര്, പുലിയന്നൂർ, നീണ്ടൂർ, അമയന്നൂർ, ളാക്കാട്ടൂർ, ഏറ്റുമാനൂർ, മാഞ്ഞൂർ, തിരുവഞ്ചൂർ, കുടമാളൂർ
എന്നിങ്ങനെ ഊരുകൾ… മഞ്ഞാമറ്റവും, നീലൂരും, മഞ്ഞാടിയും നിറസമൃദ്ധമാക്കുമ്പോള്‍  ഫാത്തിമാപുരം, മന്നം, പട്ടത്തിമുക്ക് ഇവയൊക്കെ  മതസൗഹാർദത്തിന്റെ പ്രതീകമാകുന്നു. കടുത്തുരുത്തി, മുളയ്ക്കാംതുരുത്തി, തുരുത്തി , പറവൻതുരുത്ത് എന്നിങ്ങനെ തുരുത്തിൽ ഉള്ളവർ…… കോത്തല, എരുമത്തല, എന്നിങ്ങനെ തലകൾ……

വാഴൂരും… പൂഞ്ഞാറും, പാക്കിലും അരീപ്പറമ്പും, ചാക്കരിമുക്കും ..പിന്നെ ഇഞ്ചിയാനി, ഇളപ്പാനി, മൂന്നാനി, എന്നിങ്ങനെ ആനിമാരും ചേരുന്ന കോട്ടയം. ആണിനോടും പെണ്ണിനോടും മാറിടം എവിടെയാ എന്ന് കോട്ടയത്തല്ലാതെ വേറെവിടെ ചോദിച്ചാലും തല്ല് കിട്ടുന്ന  “മാറിടം” എന്ന സ്ഥലനാമവും കോട്ടയത്തിനു സ്വന്തം. കോട്ടയംകാരുടെ സ്വഭാവം വ്യക്തമാക്കാൻ ഒരു നിഷ്കളങ്ക കവലയും കോട്ടയം രീതിയിൽ എന്നാത്തിനാ വന്നേ എന്ന് ചോദിക്കുന്ന വൈക്കവും…..ഇതിൽ ഒന്നിലും പെടാതെ ഒരു പട.. കൂരോപ്പട.
ഹിന്ദി ടച്ച് വരുത്താൻ കിസ്സാൻ. അഴിമതി ചൂണ്ടി കാണിക്കാൻ “കോഴ” അങ്ങനെ സ്ഥലപ്പേരുകൾ കൊണ്ട് ഞെട്ടിപ്പിക്കുകയാണ് കോട്ടയം. ഇനിയും ഏറെയുണ്ട് പറയാന്‍.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular