കോഴിക്കോട്: ആത്മഹത്യ ചെയ്യാനൊരുങ്ങിയ മധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പോലീസുകാര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ പോലീസുകാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം. എസ്.ഐ സജി മണിയേടത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീഷ് , ഹോം ഗാര്‍ഡ് ധനീഷ് എന്നിവര്‍ പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരവെ പുലര്‍ച്ചെ മൂന്ന് മണിയോടെ കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ വരികയായിരുന്നു.
കോഴിക്കോട് തൊണ്ടയാട് ഭാഗത്തുള്ള വീട്ടിനുള്ളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നുണ്ടെന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ പട്രോളിംഗ് സംഘം ഈ വീട്ടിലെത്തി. വീട് അകത്തുനിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. കോളിംഗ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല. ജനവാതിലിലൂടെ നോക്കിയപ്പോള്‍ ഫാനില്‍ കുരുക്കിയിട്ട് ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ തന്നെ വീടിന്റെ മുന്‍വശത്തെത്തി വാതിലില്‍ ആഞ്ഞു മുട്ടുകയും തുടരെ അടിക്കുകയും ചെയ്തു.
മയക്കത്തിലായിരുന്ന ഇദ്ദേഹത്തിന്റെ പ്രായമായ അമ്മ ബഹളം കേട്ട് എഴുന്നേറ്റ് വന്നാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് അകത്തേക്ക് കുതിച്ച പോലീസ് കഴുത്തില്‍ കുരുക്ക് മുറുക്കി തൂങ്ങിയ ഗൃഹനാഥനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ഇയാളെ കുരുക്കഴിച്ച് താഴെയിറക്കി. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഗുരുതരാവസ്ഥയില്ലെന്ന് ഉറപ്പ് വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് ഇദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോയതാണ് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി തുടര്‍നടപടികള്‍ സ്വീകരിച്ച ശേഷമാണ് എസ്.ഐയും സംഘവും മടങ്ങിയത്.
































