അടൂര്‍ : കണ്ടക്ടര്‍ മൂത്രപ്പുരയില്‍ പോയി വരുന്ന സമയം കൊണ്ട് കെഎസ്ആര്‍ടിസി ബസ് അടുത്ത സ്റ്റാന്റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെയാണ് ഡ്രൈവര്‍ ബസെടുത്തത്. കണ്ടക്ടറില്ലാതെ 18 കിലോമീറ്ററാണ് ബസ് ഓടിയത്. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേയ്ക്കുള്ള കെഎസ്‌ആര്‍ടിസി ബസിലെ കണ്ടക്ടറാണ് വഴിയിലായത്. കൊട്ടാരക്കര സ്റ്റാന്റിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങുകയായിരുന്നു. ഇതിനിടെ യാത്രക്കാരിലൊരാള്‍ ഡബിള്‍ ബെല്ലടിച്ചു. ബെല്ലടി കേട്ട് ഡ്രൈവര്‍ വണ്ടി എടുക്കുകയാരുന്നു.
കണ്ടക്ടര്‍ തിരികെ വന്നപ്പോഴാണ് ബസ് സ്റ്റാന്റ് വിട്ട് പോയ കാര്യം അറിയുന്നത്. കെഎസ്ആര്‍ടിസിയുടെ പുതിയ സംവിധാനമായ സിഫ്റ്റ് ബസ്സിന്റെ ജീവനക്കാര്‍ പുറപ്പെടേണ്ട സമയമായിട്ടും മുറിയില്‍ കിടന്നുറങ്ങിയ സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ടായത്. അതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ വികൃതി. തുടര്‍ന്ന് കണ്ടക്ടര്‍ കൊട്ടാരക്കര ഡിപ്പോയില്‍ വിവരം അറിയിച്ചു. അറിയിപ്പ് ലഭിച്ചതോടെ അടൂര്‍ ഡിപ്പോയില്‍ വണ്ടി പിടിച്ചിട്ടു. പിന്നീട് മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ അടൂരെത്തി. മുക്കാല്‍ മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം കണ്ടക്ടറെത്തിയതോടെ കെഎസ്‌ആര്‍ടിസി ബസ് മൂലമറ്റത്തേക്ക് യാത്ര പുറപ്പെട്ടു.