തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പളക്കരാര്‍ ഈ മാസം 31നകം ഒപ്പിടില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ശമ്പള വിഷയത്തില്‍ ഇനിയും ചര്‍ച്ച വേണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ജനുവരി 3ന് വീണ്ടും മന്ത്രിതല ചര്‍ച്ച നടത്താനാണ് തീരുമാനം. ശമ്പളക്കരാര്‍ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധത്തിലാണ് യൂണിയനുകള്‍. ശമ്പളക്കരാര്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് ആരോപണം.
കെഎസ്ആര്‍ടിസിയിലെ വിരമിച്ച ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. പെന്‍ഷന് വേണ്ടി 146 കോടി രൂപയും പ്രത്യേക സാമ്പത്തിക സഹായമായി 15 കോടി രൂപയും അനുവദിച്ചു. സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുത്താണ് സാമ്പത്തിക സഹായം നല്‍കുന്നത്. കെഎസ്ആര്‍ടിസിയില്‍ മാസങ്ങളായി മുടങ്ങിയ ശമ്പള-പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇടത് സംഘടനകളടക്കം പണിമുടക്കിലേക്ക് നീങ്ങുകയായിരുന്നു. എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് ആരോപണം. കൊവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്.