തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്പളം പൂര്‍ണമായി വിതരണം ചെയ്ത് കെഎസ്ആര്‍ടിസി. മാസങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വിതരണം പൂര്‍ത്തിയാവുന്നത്. സിംഗിള്‍ ഡ്യൂട്ടിയോട് സഹകരിച്ചാല്‍ അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്കിയ 50 കോടി രൂപയും കെ.എസ്.ആര്.ടി.സിയുടെ വരുമാനത്തില്‍ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നല്‍കിയത്.
മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുന്‍പായി കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം ലഭിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നല്‍കാനായി കഴിഞ്ഞ മാസം സര്‍ക്കാര്‍ 100 കോടി രൂപ നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പാറശാല ഡിപ്പോയില്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്പള വിതരണവും കൃത്യമായത്. ഏട്ട് ഡിപ്പോകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.