കൊച്ചി : കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളവും ഉൽസവബത്തയും നൽകാൻ 103 കോടി രൂപ നൽകാൻ സർക്കാരിനോടു നിർദേശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിനു മുൻഗണന നൽകണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടൽ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകുന്നതിന് 50 കോടി വീതവും ഉൽസവ ബത്ത നൽകുന്നതിനായി മൂന്നു കോടിയും നൽകണമെന്നു കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നൽകാനാണ് കോടതി നിർദേശം.
സർക്കാർ സഹായിക്കാതെ ജീവനക്കാർക്കു ശമ്പളം നൽകാനാവില്ലെന്നു കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാസങ്ങളിലെ ശമ്പളം നൽകാൻ പത്തു ദിവസത്തെ സമയം കൂടി അനുവദിക്കണം എന്ന ആവശ്യം സർക്കാർ കോടതി മുമ്പാകെ സമര്‍ർപ്പിച്ചു. ഇത് അംഗീകരിക്കാതിരുന്ന കോടതി തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് 103 കോടി കെഎസ്ആർടിസിക്കു നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയാലേ സഹായിക്കൂ എന്ന സർക്കാർ നിലപാടിനു കോടതി ഉത്തരവു തിരിച്ചടിയായി. ഡ്യൂട്ടി പരിഷ്കരണ വിഷയം കോടതിയിൽ ഉന്നയിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും അതിനു കോടതി തടയിട്ടു. ഇത് ഇപ്പോൾ പരിഗണിക്കാനാവില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ശമ്പളം നൽകാതെ ഈ വിഷയത്തിൽ ചർച്ച സാധിക്കില്ലെന്നും വ്യക്തമാക്കി. കേസ് അടുത്ത ഒന്നാം തീയതി പരിഗണിക്കുന്നതിനാണു മാറ്റി വച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.





























