പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തില്‍ ഡിസംബര്‍ 28,29,30 തീയതികളില്‍ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നഗരസഭ ഓപ്പണ്‍ സ്റ്റേജിന് മുന്‍വശത്തായി ജില്ലാതല ക്രിസ്മസ് -ന്യൂ ഇയര്‍ ഫെയര്‍ കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന വിപണനമേള ഡിസംബര്‍ 28-ാം തീയതി രാവിലെ 10 ന് ആരംഭിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംരംഭകര്‍ തയ്യാറാക്കിയ വിവിധ തരം കേക്കുകള്‍, ചോക്ലേറ്റുകള്‍, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാര്‍ ചെയ്ത പലഹാരങ്ങള്‍, ചക്കയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍, ചമ്മന്തിപ്പൊടി, ധാന്യപൊടികള്‍, തേന്‍, വിവിധ തരം അച്ചാറുകള്‍, കറിപൗഡര്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ഉപ്പേരി, ആഭരണങ്ങള്‍, വിവിധതരം ബാഗുകള്‍, ചവിട്ടി, സോപ്പുല്‍പ്പന്നങ്ങള്‍, ലോഷനുകള്‍, മെഴുകുതിരി, ജൈവ പച്ചക്കറികള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍,വിവിധതരം ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍, ചായ, ചുക്കുകാപ്പി, ആവിയില്‍ പുഴുങ്ങിയ പലഹാരം എന്നിവ മിതമായ വിലയില്‍ വിപണനമേളയില്‍ ഒരുക്കും.