കുന്ദമംഗലം: വിവാദമായ കുന്ദമംഗലം അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ പണം തിരിച്ചുകിട്ടാതെ ഓണക്കാലത്തും ദുരിതത്തില്‍.മൂന്നു വര്‍ഷത്തിലേറെയായി സൊസൈറ്റിയില്‍നിന്ന് മുതലും പലിശയും ലഭിക്കാതെ നിരവധി നിക്ഷേപകര്‍ വലയുന്നതായി ആക്ഷന്‍ കമ്മിറ്റി പറയുന്നു. 2002ല്‍ പ്രവര്‍ത്തനം ആരംഭിച്ച സൊസൈറ്റി നിക്ഷേപകരുടെ 6.64 കോടി രൂപ തിരിച്ചുനല്‍കാനുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുനൂറിലേറെ പേരുടേതാണ് ഇത്രയും വലിയ തുക. ആദ്യഘട്ടത്തില്‍ ലാഭത്തിലായിരുന്ന സഹകരണ സംഘം ചില ക്രമക്കേടുകളെ തുടര്‍ന്ന് നഷ്ടത്തിലേക്ക് നീങ്ങി. പിന്നീട് നിക്ഷേപം പോലും തിരിച്ചുനല്‍കാനാകാത്തവിധം കൂപ്പുകുത്തുകയായിരുന്നു.
സര്‍വിസില്‍നിന്ന് വിരമിക്കുന്നവര്‍, വസ്തു വില്‍ക്കുന്നവര്‍ തുടങ്ങിയവരെ വീട്ടില്‍ പോയി കണ്ട് അമിത പലിശയടക്കം വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. നഷ്ടത്തിലായ സ്ഥാപനം ലാഭത്തിലാണെന്ന് സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ ഓഫിസിനെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതിച്ച് ഇത് കാണിച്ചാണ് പണം സമാഹരിച്ചതെന്നാണ് പണം നഷ്ടമായവര്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നത്. സെക്രട്ടറി ഒരു ജീവനക്കാരിയെ ഇടനിലക്കാരിയാക്കി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പിന്നീട് ജീവനക്കാരി അറസ്റ്റിലായി.
ഇവര്‍ മുഖേന മാത്രം 1.17 കോടിയുടെ ക്രമക്കേടും പിന്നീട് 1.24 കോടിയുടെ ക്രമക്കേടും നടന്നതായി പറയുന്നു. ജീവനക്കാരും ഡയറക്ടര്‍മാരും അര്‍ഹതയില്ലാത്തവര്‍ക്ക് വായ്‌പ നല്‍കിയും മറ്റുള്ളവരുടെ പേരില്‍ വായ്പയെടുത്തും ഈട് നല്‍കുന്ന വസ്തുവിന് അമിതവില കാണിച്ചും തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം വേറെയുമുണ്ട്. അമിത പലിശ വാഗ്ദാനം നല്‍കി ബന്ധപ്പെട്ടവര്‍ വീടുകളില്‍ എത്തിയതോടെയാണ് പലരും നിക്ഷേപം നല്‍കിയത്.
സംഘത്തെ കുറിച്ച് 200 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സഹകരണ സംഘം ജോയന്റ് രജിസ്ട്രാര്‍ ഓഫിസിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ തയാറാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരായ നിയമനനടപടി തുടരുകയാണെന്ന് 17 ലക്ഷത്തോളം രൂപ കുടുങ്ങിക്കിടക്കുന്ന ആക്ഷന്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ കാരന്തൂര്‍ പറഞ്ഞു. നിലവില്‍ പണം ആവശ്യപ്പെടുന്നവരോട് അവധി മാറ്റിമാറ്റി പറയുകയാണ്. പണം തിരിച്ചുലഭിക്കാത്ത നിക്ഷേപകര്‍ സഹകരണ സംഘത്തിന്റെ ആര്‍ബിട്രേഷനെ സമീപിച്ചതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുകയാണ്.
ഇത്രയും ക്രമക്കേട് നടന്ന സ്ഥാപനം മേല്‍ഘടകമായ ജില്ല ജോയന്റ് രജിസ്ട്രാര്‍ ഓഫിസിന്റെ സഹായത്തോടെയാണ് സൊസൈറ്റിയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. വിശ്വാസവഞ്ചനക്കെതിരെ നിക്ഷേപകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ബോര്‍ഡ് അംഗങ്ങളും സെക്രട്ടറിയും ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. നിക്ഷേപകരുടെ തുക തിരിച്ചുകൊടുക്കാന്‍ ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. വോട്ടര്‍ പട്ടിക പ്രകാരം 2608 പേര്‍ ഉണ്ടെന്നും എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 104 പേര്‍ മാത്രമാണ് വോട്ട് ചെയ്തതെന്നും ഇത് വീണ്ടും വെട്ടിപ്പിന് അവസരം ഒരുക്കാന്‍ വേണ്ടിയാണെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു.
സഹകരണ സംഘത്തിന് മൂന്നേകാല്‍ കോടിയിലധികം രൂപ അംഗങ്ങളില്‍നിന്ന് തിരിച്ചുകിട്ടാനുണ്ടെന്ന് പ്രസിഡന്റ് പി. ഷൗക്കത്തലി പറഞ്ഞു. ഏതാണ്ട് ഇത്രതന്നെ തുകയാണ് നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി പരിഹരിക്കാനുള്ള കഠിനശ്രമത്തിലാണ് ഭരണസമിതി. ഇതിന്റെ ഭാഗമായി പലര്‍ക്കും പണം തിരിച്ചുനല്‍കിയിട്ടുണ്ട്. മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
































