തിരുവനന്തപുരം : ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ഒറ്റത്തണ്ടപ്പേര്‍ (യുണീക്) പദ്ധതി സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ നിലവില്‍ വരും. ഭൂമി തട്ടിപ്പ് തടയാനുള്ള ഒറ്റ തണ്ടപ്പേര് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഇതോടെ യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറും. ഭൂമി തട്ടിപ്പുകള്‍ക്കും വിവരങ്ങള്‍ മറച്ചുവച്ചുള്ള തിരിമറികള്‍ക്കും തടയിടാനാണ് റവന്യുവകുപ്പ് ആവിഷ്കരിക്കുന്ന ആധാര്‍ അധിഷ്ഠിത യൂണീക് തണ്ടപ്പേര് പദ്ധതി.
ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. റവന്യൂ വകുപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന റെലിസ് (ReLIS) പോര്‍ട്ടലുമായി വസ്തു ഉടമയുടെ മൊബൈല്‍ നന്പറും ആധാറും ലിങ്ക് ചെയ്യും. അതോടെ റവന്യു വകുപ്പില്‍നിന്നു ലഭിക്കുന്ന 12 അക്ക തണ്ടപ്പേരാവും പിന്നീട് ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളുടെയും അടിസ്ഥാനം. ഉദ്ഘാടനത്തോടെ പോര്‍ട്ടലുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശം ലഭ്യമാകും. യുണീക് തണ്ടപ്പേര് സംസ്ഥാനത്തു നടപ്പാക്കുന്നതോടെ ബിനാമി ഭൂമിസന്പാദനം നടക്കില്ല. വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങള്‍ നേടാനാവില്ല.