കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറെെസ് വാലി കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെയും തെരച്ചിൽ. തെരച്ചിലിന് കൂടുതൽ കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കെെ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചിൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് വയനാട്ടിലെത്തും.ദുരന്തത്തിൽ കാണാതായവരുടെ ആദ്യ കരട് പട്ടിക ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിസഭ ഉപസമിതിയുടെ നിർദ്ദേശ പ്രകാരം കളക്ടറുടെ മേൽനോട്ടത്തിലാണ് പട്ടിക തയ്യാറാക്കിയത്.
പ്രദേശത്ത് നിന്ന് ദുരന്തത്തിന് ശേഷം കാണാതായ 138 പേരാണ് പട്ടികയിലുള്ളത്. റേഷൻ കാർഡ്, വോട്ടർ പട്ടിക തുടങ്ങിയ രേഖകൾ ഇതിനായി പരിശോധിച്ചു.പട്ടിക പരിശോധിച്ച് ജനങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയക്കാനുണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തെ ബന്ധപ്പെടാം. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ കണ്ടെത്താൻ ശ്രമിക്കും. പട്ടികയിലില്ലാത്ത ആരെയെങ്കിലും കാണാതായതായി അറിയിപ്പ് ലഭിച്ചാൽ പരിശോധനയ്ക്കു ശേഷം അവരുടെ പേരുകൾ കൂടി കൂട്ടിച്ചേർക്കും.ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബർ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിട്ടി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകൾ ഒത്തുനോക്കിയ ശേഷമാണ് പട്ടിക തയ്യാറാക്കിയത്. കാണാതായവരുടെ പേര്, റേഷൻകാർഡ് നമ്പർ, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോൺ നമ്പർ, ഫോട്ടോ എന്നിവയും പട്ടികയിൽ ഉണ്ട്.