അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി കുറിച്ചു. ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച കാര്യം, നാഷണൽ ടീമിൽ നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം, ഞാൻ നിങ്ങളെ അറിയിക്കുന്നു. നെഞ്ച് തകർക്കുന്ന തീരുമാനമാണത്. ഉള്ളു പൊള്ളിക്കുന്നത്. പക്ഷേ ആ സമയമായി. ഈ ജേഴ്‌സിയണിഞ്ഞ് കൊണ്ട്, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന സകലരും അർജന്റീനക്കാർ എന്ന നിലയിൽ അഭിമാനിക്കുന്നതിൽ, സന്തോഷിപ്പിക്കുന്നതിൽ, ആവുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്; തുടർ വിജയങ്ങളുടെ കഥകൾ പറയാനുള്ള സമീപകാലത്ത് മാത്രമല്ല, എല്ലാക്കാലത്തും. മെസിയുടെ വാക്കുകൾ.
2005-ൽ അർജന്റീനാ അണ്ടർ 20 ടീമിലൂടെ അന്താരാഷ്ട്ര ഫുട്‌ബോളിന്റെ പുൽപ്പരപ്പിൽ വന്നുവീണ ആ നാണംകുണുങ്ങി ചെറുപ്പക്കാരൻ, 2005-ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരായ സൗഹൃദമത്സരത്തിലൂടെ സീനിയർ ടീമിൽ അരങ്ങേറി. ഒട്ടും സന്തോഷകരമായിരുന്നില്ല തുടക്കം. ആറാം മത്സരത്തിൽ 2006-ൽ ക്രൊയേഷ്യയ്‌ക്കെതിരേ ആദ്യ ഗോൾ. 2006-ലോകകപ്പിൽ സെർബിയ ആൻഡ് മോണ്ടിനെഗ്രോയ്ക്കെതിരായ കളിയിലൂടെ ലോകകപ്പിന്റെ രാജകീയവേദിയിലേക്ക് കാലെടുത്തുവെച്ച പത്തൊൻപതുകാരൻ പിന്നീട് ലോക ഫുട്ബോളിന്റെ മുഖവും മനസ്സുമായി മാറുകയായിരുന്നു. വലിയ പ്രതീക്ഷയില്ലാതെയാണ് ടീം 2026 ലോകകപ്പിനെത്തിയത്. 2022-ലേതിനു സമാനമായി ഇടറിത്തുടങ്ങി പിന്നീട് കുതിച്ചുകയറിയപ്പോൾ അപ്രതീക്ഷിതമായ മറ്റൊരു ഫൈനൽ.
2022-ലേത് ഉൾപ്പെടെ തുടർച്ചയായി എട്ട് ലോകകപ്പു മത്സരങ്ങളിൽ ഗോളടിച്ചു. ആർക്കുകഴിയും ഇങ്ങനെ. ഫൈനലിൽ സ്‌പെയിനിനോടു തോറ്റെങ്കിലും അത് മെസ്സി കളിക്കളത്തിലുണ്ടാക്കിയ തരംഗത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നില്ല. കളിക്കളത്തിൽ മെസ്സി അമാനുഷനായിരുന്നു. കളിക്കാരും ഗോളുകളും കിരീടവിജയങ്ങളുമെല്ലാം ഇനിയുമുണ്ടാകും. പക്ഷേ, ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്നു വിശേഷിപ്പിക്കാൻ ഇനി ഒരാൾ എന്നുണ്ടാകും. ആറ് ലോകകപ്പ് ടൂർണമെന്റുകൾ,മൂന്ന് ഫൈനൽ, ഒരു കിരീടം, 21 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ. സമ്മോഹനമായ യാത്ര ഇവിടെ അവസാനിക്കുന്നു.
































