പത്തനംതിട്ട : വിലക്കുകള്‍ ലംഘിച്ച് നിരത്തിലിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കും വളരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ നടത്തുന്നവര്‍ക്കും എതിരെ 338 കേസുകള്‍ പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. 337 പേരെ അറസ്റ്റ് ചെയ്തതായും 273 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
പണം വച്ച് ചീട്ടുകളിച്ചതിനു മൂന്നുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മദീന ജംഗ്ഷനിലെ പൊതുവഴിക്കരികില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നവരെ ചീട്ടും 2300 രൂപയും ഉള്‍പ്പെടെയാണു പിടികൂടിയത്. മദീന ജംഗ്ഷനില്‍ പരശുരാമന്‍പുരയിടം കീഴുമലയില്‍ വീട്ടില്‍ സലിം, ഹബീബ്, നാഗൂര്‍ നിഷാദ് എന്നിവരെയാണ് എസ്ഐ ജയമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പ് നാല് (രണ്ട്)(എ), അഞ്ച് എന്നിവയും ചേര്‍ത്തതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.