ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലിയോട് ക്രൂരത. മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനാണ് ക്രൂരത നേരിടേണ്ടി വന്നത്. തട്ടുകടക്കാരനാണ് ചന്ദ്രബാബുവിനെ ആക്രമിച്ചത്. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്. മാവേലി വേഷം കെട്ടി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ ചന്ദ്രബാബു പുള്ളിക്കണക്കിന് സമീപത്ത് ഒരു തട്ടുകടയിലും എത്തിയിരുന്നു. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം ഹാപ്പി ഓണം പറയുന്നതിനിടെ കടക്കാരനുമായി വാക്ക് തർക്കമുണ്ടായതോടെയാണ് ആക്രമണം നടന്നത്.
വാക്കു തർക്കത്തിനിടെ കടക്കാരൻ പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണ എടുത്ത് മുഖത്ത് ഒഴിച്ചു എന്നാണ് പരാതി. ഓലക്കുട ഉണ്ടായിരുന്നതിനാൽ തലയിലൂടെ എണ്ണ വീണില്ലെന്നും മാവേലി വ്യക്തമാക്കി. പൊള്ളലേറ്റ ചന്ദ്രബാബു താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ കായംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.































