തിരുവല്ല: കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് പതിനായിരക്കണക്കിന് കുടുംബങ്ങളെ തുടര്‍ച്ചയായി ബാധിച്ചു കൊണ്ടിരിക്കുന്ന മണിമലയാറ്റിലെ വെള്ളപ്പൊക്കത്തില്‍ നിന്നും ദുരിതമകറ്റാന്‍ അടിയന്തരമായി മണിമല റിവര്‍ ബേസ് അതോറിറ്റി രൂപീകരിച്ചു വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ക്ക് വേഗം കൂട്ടണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജേഷ് ആവശ്യപ്പെട്ടു. 2018 നു മുമ്പ് മണിമലയുടെ സമീപ നദികളായ പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍ എന്നീ നദികള്‍ കരകവിഞ്ഞാല്‍ മാത്രമേ മണിമലയാറ്റില്‍ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ രണ്ടുദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ മണിമലയാര്‍ കരകവിഞ്ഞ് ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്ന സാഹചര്യം ആണുള്ളതെന്നും വി.ആര്‍ രാജേഷ് പറഞ്ഞു.
2018ലെ പ്രളയത്തോടനുബന്ധിച്ച് നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലുകള്‍ നീക്കം ചെയ്തിട്ടില്ല. നദിയുടെ 60% ത്തോളം മണ്‍പുറ്റുകള്‍ ഉണ്ടായി കരഭൂമി ആയതുകൊണ്ടും നദിയുടെ സംരക്ഷണ ഭിത്തികള്‍ പലയിടത്തും തകര്‍ന്നതുമാണ് മണിമലയാറ്റില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. മണിമലയാറിന് ഡാമുകള്‍ ഇല്ലാത്തതിനാല്‍ വരുന്ന വെള്ളം അതുപോലെ ഒഴുകി കടലില്‍ പതിക്കുകയാണ് പതിവ്. മണിമലയില്‍ എവിടെയെങ്കിലും ഡാം നിര്‍മ്മിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടെങ്കില്‍ അതും പരിഗണിക്കണം. ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും വളര്‍ത്തു മൃഗങ്ങള്‍ക്ക് ഉണ്ടാകുന്ന ജീവഹാനികളും കൂടാതെ വാസസ്ഥലത്തിന്റെ സുരഷാ സംവിധാനത്തിന് പോലും വെല്ലുവിളി ഉയര്‍ത്തുകയാണ്. അതിനാല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.































