കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലം പൊത്തി. മൂന്നാം സൈറണ് പിന്നാലെ ബ്ലാസ്റ്റിങ്‌ഷെഡിലെ എക്സ്പ്ലോഡറിലെ സ്വിച്ച് അമര്‍ന്ന ഒന്നാം മിനിറ്റില്‍ തന്നെ ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഭൂമിക്കടിയിലേക്ക് നിലംപൊത്തി. ഇന്ത്യയില്‍ ഇത് വരെ സ്‌ഫോടനത്തിലൂടെ പൊളിച്ച ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ പതിനൊന്ന് നിലയുള്ള ഫ്ലാറ്റ് സമുച്ചയമായിരുന്നു. അത് കൊണ്ട് തന്നെ 19 നിലയുളള എച്ച് ടു ഓ ഹോളിഫെയ്ത്ത് പൊളിച്ചപ്പോള്‍ പിറന്നത് പുതിയ ഒരു ചരിത്രമാണ്.
പതിമൂന്നു വര്‍ഷം ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങി നടത്തിയ വ്യവഹാരങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി കല്പിച്ച വിധിയാണ് ഇന്ന് നടപ്പിലായത്. നാനൂറോളം കുടുംബങ്ങള്‍ക്ക് തണലായിരുന്ന് മരടിലെ നാല് കെട്ടിടങ്ങളാണ് തര്‍ന്നടിയുന്നത്. അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് സ്ഫോടനം നടന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമായി 60 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.