പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്കേന്ദ്രങ്ങളിലും പട്ടയമേള സംഘടിപ്പിക്കുന്നു.
ഈ മാസം 14ന് രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. താലൂക്ക്തല പട്ടയമേള എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യും. അന്നേദിവസം സംസ്ഥാനത്ത് ഒട്ടാകെ പട്ടയം വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
മല്ലപ്പള്ളി – റാന്നി താലൂക്കുകളില്‍ ഏഴ്, അടൂര്‍ താലൂക്കില്‍ നാല്, കോന്നി താലൂക്കില്‍ 17, തിരുവല്ല താലൂക്കില്‍ 15, കോഴഞ്ചേരി താലൂക്കില്‍ 12 എന്നിങ്ങനെ 55 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. മല്ലപ്പള്ളി – റാന്നി താലൂക്കുകളുടെ പട്ടയമേള റാന്നി താലൂക്ക് ഓഫീസിലും കോഴഞ്ചേരി താലൂക്കിന്റേത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ബാക്കിയുള്ള താലൂക്കുകളുടെ പട്ടയ വിതരണം അതത് താലൂക്ക് ഓഫീസുകളിലുമാണ് നടക്കുക. എല്ലാ സ്ഥലത്തും സംസ്ഥാനതല പട്ടയ വിതരണ പരിപാടി ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.