റാന്നി : വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാറിലെ ഫാം ഉടമ പി.പി. മത്തായി ദുരുഹ സാഹചര്യത്തിൽ മരിച്ച കേസിൽ വനം ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയുൾപ്പെടെ 11 വകുപ്പുകൾ ചുമത്തിയുള്ള റിപ്പോർട്ട് പോലീസ് റാന്നി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ, മന:പൂർവ്വമല്ലാത്ത നരഹത്യ എന്നിവയടക്കമാണ് 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 342, 348, 364 എ, 330, 304, 465, 471, 201, 161, 167, 34 വകുപ്പുകൾ ചുമത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ നേരത്തേ അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളും കേസിൽ നിർണായകമാകും. റിപ്പോർട്ട് വൈകുന്നതിനെതിരെ പി.പി. മത്തായിയുടെ കുടുംബം പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാനിരിക്കെയാണ് അന്വേഷണ സംഘം ഇന്നലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് വൈകുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന് വ്യാപക ആരോപണവും ഉയർന്നിരുന്നു. ഏഴു വനപാലകർ ചേർന്നാണ് മത്തായിയെ ജൂലൈ 28ന് വൈകിട്ട് നാലു മണിയോടെ കസ്റ്റഡിയിലെടുത്ത് വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടുപോയത്. മത്തായിയുടെ മരണശേഷം ഇതിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. മറ്റ് അഞ്ച് പേരിൽ നാലു പേരേ സ്ഥലം മാറ്റി. ഒരാൾ താൽക്കാലിക ഡ്രൈവറാണ്.
കുറ്റം ചെയ്തവർക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്നു മത്തായിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ പോലീസിന് ഇനി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാം. റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ അന്വേഷണ തലവൻ ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ ജനസേവന കേന്ദ്രത്തിൽ വ്യാപക പരിശോധന നടത്തി.
കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പട്ട് മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയുന്നവരാണ് കുറ്റവാളികളെന്നും കുടുംബം ആരോപിച്ചിരുന്നു