ന്യൂഡല്‍ഹി : മലയാളം വാര്‍ത്താ ചാനലായ മീഡിയാ വണ്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇടക്കാല ആശ്വാസമില്ല. മീഡിയാ വണ്‍ സമര്‍പ്പിച്ച ഇടക്കാല അപേക്ഷ മാര്‍ച്ച് 15 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിക്കുക. ചാനല്‍ നല്‍കിയ അപ്പീലില്‍ ഇടക്കാല ഉത്തരവ് ഉണ്ടായില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ബെഞ്ച്, അടുത്ത വാദം കേള്‍ക്കുമ്പോള്‍ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു.
മീഡിയാ വണ്ണിന് വേണ്ടി, മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദവെ എന്നിവരാണ് കോടതിയില്‍ ഹാജരായത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഫയല്‍ വിളിക്കാനുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം ആര്‍ട്ടിക്കിള്‍ 19 (1) (എ) യുടെ ലംഘനമാണെന്ന് മുകുള്‍ റോത്തഗി വാദിച്ചു. ‘ഞങ്ങള്‍ക്ക് സിംഗിള്‍ ജഡ്ജിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരുന്നു, എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ കേള്‍ക്കുകയും അതേ ദിവസം തന്നെ തീരുമാനിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് ഇടക്കാല ഉത്തരവ് തരൂ’, റോത്തഗി വാദിച്ചു. ചാനലില്‍ നൂറുകണക്കിന് ജീവനക്കാരും 2.5 കോടി പ്രേക്ഷകരും ഉണ്ടെന്ന് റോത്തഗി അറിയിച്ചു. എല്ലാ ഫയലുകളും മാര്‍ച്ച് 15 ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി, അന്നേ ദിവസം അപ്പീലിന്റെ ഇടക്കാല അപേക്ഷ പരിഗണിക്കുന്നതായിരിക്കും.





























