ഈറോഡ് : ഡ്യൂട്ടി സമയത്ത് വിനോദ യാത്ര പോയി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും. ഡോക്ടര്‍ക്ക് പകരം ആശുപത്രിയിലെത്തിയ രോഗിക്ക് ചികിത്സ നടത്തിയത് മകനും. സംഭവത്തില്‍ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. ഗോപിചെട്ടിപ്പാളയം കൗവുന്തംപാടി സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ദിനകര്‍ (57), വനിതാ ഡോക്ടര്‍ ഷണ്മുഖവടിവ് (32) എന്നിവരെയും രണ്ട് നഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്കു പകരം ചികിത്സ നടത്തിയ മകന്‍ അശ്വിന് (29) എതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറാണ്.
ഡ്യൂട്ടി സമയത്ത് ഡോ.ദിനകര്‍ വനിതാ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പം ഹൊഗനക്കല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയെന്നാണ് കളക്ടര്‍ക്ക് പരാതി ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി മുതിര്‍ന്ന ഡോക്ടറെയും അദ്ദേഹം അവധിയാണെങ്കില്‍ ഉണ്ടാവേണ്ട വനിതാ ഡോക്ടറെയും കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് വിവരമറിഞ്ഞത്. രോഗിയുടെ പരാതിയില്‍ ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നാലുപേരും ഡ്യൂട്ടി സമയത്ത് വിനോദയാത്ര പോയതായി തെളിവു ലഭിച്ചു.