മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. സുപ്രധാന വകുപ്പുകള്‍ മിക്കതും എന്‍സിപിക്കാണ്. ഉപമുഖ്യമന്ത്രി അജിത് പവാറിന് ധനകാര്യവകുപ്പ് ലഭിച്ചു. മുതിര്‍ന്ന നേതാവ് അനില്‍ ദേശ്മുഖാണ് ആഭ്യന്തരമന്ത്രി. സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലിന് ജലസേചനവും ചഗന്‍ ഭുജ്ബലിന് ഭക്ഷ്യ-സിവില്‍ സപ്ലൈസും ലഭിച്ചു.
ശിവസേനയില്‍നിന്ന് സുഭാഷ് ദേശായിക്ക് വ്യവസായവും ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് നഗരവികസനവും നല്‍കി. മുഖ്യമന്ത്രിയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് പരിസ്ഥിതി, ടൂറിസം വകുപ്പുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ടിന് റവന്യുവും മുന്‍മുഖ്യമന്ത്രി കൂടിയായ അശോക് ചവാന് പൊതുമരാമത്ത് വകുപ്പും നല്‍കി. 33 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിലുള്ളത്.