കിന്‍ഷാസ : കോംഗോ പൗരനായ വിദ്യാര്‍ഥി കഴിഞ്ഞയാഴ്ച ബെംഗളുരുവില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ട് കോംഗോയില്‍ ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങള്‍ക്കു നേരെ രൂക്ഷമായ ആക്രമണം. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ വ്യാപാരകേന്ദ്രങ്ങളാണ് ആക്രമിച്ച് കൊള്ളയടിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ വസ്തുക്കളാണ് കൊള്ളയടിച്ചത്.
കോംഗോയില്‍നിന്നുള്ള ജോയല്‍ മാലു എന്ന വിദ്യാര്‍ഥിയാണ് ബെംഗളൂരുവില്‍ മരിച്ചത്. ബെംഗളൂരുവില്‍ ആഫ്രിക്കന്‍ പൗരന്മാര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു ശേഷമാണ് കോംഗോയിലെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായത്. സ്ഥാപനങ്ങള്‍ ആക്രമിച്ച് ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ കൊള്ളയടിച്ചുവെന്നും ഒരു കാറിനു തീയിട്ടെന്നും പോലീസ് പറഞ്ഞു. രണ്ടാമതൊരു കോംഗോ പൗരനും ഇന്ത്യയില്‍ കൊല്ലപ്പെട്ടുവെന്ന തെറ്റായ വാര്‍ത്ത പരന്നതാണ് പ്രകോപനത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കോംഗോ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിനാണ് ഓഗസ്റ്റ് 1ന് ബെംഗളൂരുവില്‍ ജോയലിനെ അറസ്റ്റ് ചെയ്തത്. നെഞ്ച് വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അവിടെവെച്ചാണ് മരിച്ചതെന്നും ബെംഗളൂരു പോലീസ് വ്യക്തമാക്കി.