മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള ഒരു പോലീസുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണം രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പ്രതിഷേധത്തിനിടെ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന യുവതിയെ പിന്നിൽ നിന്ന് ഒരു പോലീസുദ്യോഗസ്ഥൻ പിടിക്കുന്നത് കാണാം. അതിനിടെ ഉദ്യോഗസ്ഥൻ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസുകാരെ സഹായത്തിനായി വിളിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച മുംബൈ പോലീസ് ഡിസിപി അക്ബർ പത്താൻ, വീഡിയോയുടെ പൂർണ ദൃശ്യങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിച്ചതായി അറിയിച്ചു. ഒരു യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവതി ഇടപെട്ട സാഹചര്യത്തിലെ ഭാഗം മാത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്നും, ഉയർന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.





























