മൂന്നാര്‍: ആനയെ കുളിപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഒന്നാം പാപ്പാന്‍ കത്തിക്കുത്തേറ്റു മരിച്ചു. രണ്ടാം പാപ്പാന്‍ അറസ്റ്റിലായി. ആന സഫാരി കേന്ദ്രത്തിലാണ് സംഭവം.തൃശൂര്‍ പെരുവല്ലൂര്‍ വടിയിരി വീട്ടില്‍ വിമല്‍ വിശ്വനാഥന്‍ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൃശൂര്‍ പ്ലാക്കല്‍ കുടപ്പള്ളില്‍ വീട്ടില്‍ കെ.എസ്.മണികണ്ഠന്‍ (29) ആണ് അറസ്റ്റിലായത്.
രണ്ടു പേരും മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള കാര്‍മലഗിരി ആന സഫാരി കേന്ദ്രത്തിലെ ആനപ്പാപ്പാന്മാരാണ്. കഴുത്തില്‍ ഒന്നിലധികം കുത്തുകളേറ്റ വിമല്‍ ഓടി സഫാരി കേന്ദ്രത്തിലെ ഓഫീസ് മുറിക്കരികിലെത്തി വീഴുകയായിരുന്നു. മണികണ്ഠനെ സഫാരി കേന്ദ്രത്തിലെ മറ്റു ജീവനക്കാര്‍ ചേര്‍ന്നാണ് പിടികൂടി പോലീസിനു കൈമാറിയത്. മണികണ്ഠന്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വിവിധ കേസുകളിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു.





























