തൊടുപുഴ : പശ്ചിമബംഗാളില്‍ എട്ടുപേര്‍ ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളെ മുട്ടത്തുനിന്ന് പിടികൂടി. മുര്‍ഷിദാബാദ് ദംഗല്‍ സ്വദേശി തുതുല്‍ ഹല്‍സാന (40)യെയാണ് തൊടുപുഴ പോലീസിന്റെ സഹായത്തോടെ ദംഗല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ എട്ട് പേര്‍ ചേര്‍ന്ന് ഒരാളെ കൊല്ലുകയായിരുന്നു.
ഇതിന് ശേഷം ആറാം പ്രതിയായ തുതുല്‍ കേരളത്തിലേക്ക് കടന്നു. കിഴക്കേയറ്റത്ത് താമസിച്ച് മേസ്തിരിപ്പണി ചെയ്തുവരുകയായിരുന്നു. ഇയാള്‍ ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദംഗല്‍ എസ്.ഐ. അരുപ് കുമാര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച തൊടുപുഴയിലെത്തി. എ.എസ്.ഐ.മാരായ ഷംസുദ്ദീന്‍, ദിലീപ് കുമാറിന്റെയും സഹായത്തോടെ മുട്ടത്തുനിന്ന് പ്രതിയെ പിടികൂടി.





























