റാഞ്ചി : മൂന്നാം വിവാഹം കഴിച്ചതിന് മുന്‍ ഭാര്യ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്ന 35 കാരനെയാണ് മുന്‍ഭാര്യ വീട്ടുകാര്‍ ക്രൂരമായി കൊന്നത്. ഇയാളുടെ അസ്ഥികൂടം കിണറ്റില്‍ നിന്നും കണ്ടെത്തി. മാര്‍ച്ച് 16 നാണ് ലഡുവിനെ വീട്ടില്‍ നിന്നും കാണാതാകുന്നത്. എന്നാല്‍ കുടുംബം പോലീസില്‍ പരാതി നല്‍കിയില്ല.
അജ്ഞാത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു. മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാ സഹോദരനുമായി വഴക്കിലേര്‍പ്പെട്ടതിന് ശേഷമാണ് യുവാവിനെ കാണാതായതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്നാണ് കുടുംബത്തിലേക്ക് അന്വേഷണം എത്തിയത്.
ലഡുവിന്റെ വീട്ടുകാര്‍ ആദ്യമൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ലഡുവിന്റെ അമ്മയാണ് പോലീസിനോട് കാര്യങ്ങള്‍ വിവരിച്ചത്. സംഭവത്തില്‍ ലഡുവിന്റെ ഭാര്യാ സഹോദരനെയും മറ്റ് മൂന്ന് പേരെയും പോലീസ് പിടികൂടി. രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. വീട്ടില്‍ നിന്നും 10 കിലോമീറ്റര്‍ മാറി കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രദേശത്ത് നിന്നാണ് പോലീസ് അസ്ഥികൂടം കണ്ടെടുത്തത്.





























