കോട്ടാങ്ങൽ: ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജലസ്രോതസ്സുകൾ ഒറ്റ ദിവസം കൊണ്ട് ക്ളോറിനേറ്റ് ചെയ്യുന്നതിനുള്ള പരിശീലന പരിപാടി പൂർത്തിയായി. 13-ാം വാർഡിലെ കുടുംബശ്രീ പ്രതിനിധികളുടെ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനി രാജുവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. വിജയാ ഗ്രന്ധശാലയിൽ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കൽ ആഫീസിൽ നിന്നും ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ നസ്സീർ വൈ, കൃഷ്ണകുമാർ, സി. ഡി. എസ്സ് വിജിലൻ്റ് ഗ്രൂപ്പ് കൗൺസിലർ സൂസി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും നടന്ന പരിശീലന പരിപാടികൾക്ക് കുടുംബശ്രീ ചെയർ പേഴ്സൺ സിന്ധു സാംകുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള എന്നിവർ നേതൃത്വം നൽകി.
ജലത്തിൻ്റെ ഗുണനിലവാരം, ജലജന്യ രോഗങ്ങൾ, ലഘു പാനീയങ്ങളുടെ ദൂഷ്യവശങ്ങൾ, ജലശുദ്ധീകരണ മാർഗ്ഗങ്ങൾ, എന്നിവയെ കുറിച്ച് പരിസ്ഥിതി ശാസ്ത്ര വിഷയ വിദഗ്ദ്ധ ഡോ. ബിനു കെ. എസ്, ഫുഡ് ടെക്നോളജി വിദഗ്ധ ലക്ഷ്മി സുകുമാരൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ, എം. എൽ. എസ് പി മാർ ക്ലാസ്സുകൾ എടുത്തു. ഓരോ വാർഡിലും ക്ലോറിനേഷൻ നടത്തുന്നതിനുള്ള വാളണ്ടിയർ മാരെ തിരഞ്ഞെടുത്ത് തുടർ പരിശീലനം നല്കി ക്ലോറിനേഷൻ പദ്ധതിയുടെ ഭാഗമാക്കി നിശ്ചിത ഇടവേളകളിൽ ആരോഗ്യ വകുപ്പിൻ്റെ മേൽ നോട്ടത്തിൽ ക്ലോറിനേഷൻ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. എല്ലാ വാർഡുകളിലും ക്ലോറിനേഷൻ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും വിതരണം ചെയ്യുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.