തിരുവനന്തപുരം : കുപ്രസിദ്ധമായ നന്ദന്‍കോട് കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്നു. ക്ലിഫ് ഹൗസിനു സമീപമുണ്ടായ ബെയിന്‍സ് കോമ്പൗണ്ടില്‍ അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ കൊന്നു തള്ളിയ മകന്‍ കേഡല്‍ ജീന്‍സെന്‍ രാജയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
പ്രതിയെ ജനുവരി 20 ന് കോടതിയില്‍ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ജഡ്ജി ഇ.എം. സാലിഹ് ഉത്തരവിട്ടത്. പോലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിയുടെയും പ്രാരംഭവാദം കേള്‍ക്കാനും വിചാരണ നേരിടാനുള്ള ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനും വേണ്ടിയാണ് കേഡലിനെ കോടതി വിളിച്ചു വരുത്തുന്നത്.
വിചാരണ നേരിടാനുള്ള മാനസികാവസ്ഥയിലല്ല ഇയാളെന്ന് നേരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേഡല്‍ ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കോടതി നടപടികള്‍ മനസ്സിലാക്കാന്‍ പ്രാപ്തനല്ലാത്ത മാനസിക നില തെറ്റിയ വ്യക്തിയെ കേസ് വിചാരണ ചെയ്യാന്‍ പാടില്ലായെന്നതാണ് നിലവിലെ ചട്ടം. നിജ സ്ഥിതി അറിയാനാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി വിളിച്ചു വരുത്തിയത്.
എന്നാല്‍ തുടര്‍ ചികിത്സയില്‍ പ്രതി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിചാരണ നേരിടാന്‍ യോഗ്യനാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം) , 436 ( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് രാജ തങ്കം , മാതാവ് ഡോ. ജീന്‍ പത്മ , മകള്‍ ഡോ. കരോലിന്‍ , ഡോ. ജീന്‍പത്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്. നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു.