ഡെറാഡൂണ്‍ : ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ നാല്പ്പതുകാരന് അറസ്റ്റില്‍. ഉദംസിംഗ് നഗര്‍ സ്വദേശിയും ജിം ഉടമയുമായ ഇഫ്തിഖര്‍ ഹുസൈന് ആണ് അറസ്റ്റിലായത്. ബിജെപി മണ്ഡല് ഉപാദ്ധ്യക്ഷന്‍ സോനു ശര്‍മ്മയുടെ പരാതിയിലാണ് നടപടി. സിതാര്‍ഗഞ്ച് പ്രദേശത്ത് ഇന്നലെയായിരുന്നു സംഭവം.
വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയില്ലെങ്കില്‍ ജനങ്ങളുടെ ദേശീയത ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തരാഖണ്ഡ് ബിജെപി അദ്ധ്യക്ഷന്‍ മഹേന്ദ്ര ഭട്ടിന്റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം നടന്നത്. പതാക ഉയര്‍ത്താത്ത വീടുകളുടെ പേരും വിലാസവും നല്‍കാനും ഭട്ട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഹുസൈന്റെ അയല്‍വാസിയായ സോനു ശര്‍മ്മയും പാര്‍ട്ടി പ്രവര്‍ത്തകരും പ്രദേശവാസികള്‍ക്ക് പതാക വിതരണം ചെയ്യുകയായിരുന്നു. ഈ സമയം ഇഫ്തിഖര്‍ ഹുസൈന് തന്റെ കൈയില്‍ നിന്ന് പതാകകളിലൊന്ന് തട്ടിയെടുത്ത് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. ദേശീയ പതാകയെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.