പത്തനംതിട്ട : നവകേരളസദസ്സുമായി ബന്ധപ്പെട്ട് ആറന്മുള മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ സബ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഇരവിപേരൂര്‍, മെഴുവേലി, കോയിപ്രം, ആറന്മുള, തോട്ടപ്പുഴശേരി, കോഴഞ്ചേരി, മല്ലപ്പുഴശേരി പഞ്ചായത്തുകളില്‍ ആറിനും നാരങ്ങാനം, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓമല്ലൂര്‍, കുളനട എന്നിവിടങ്ങളില്‍ ഏഴിനും യോഗം നടക്കും. മണ്ഡലത്തില്‍ വാര്‍ഡുതല യോഗങ്ങളും വീട്ടുമുറ്റസദസ്സും സിഡിഎസ്, എഡിഎസ് യോഗങ്ങളും പൂര്‍ത്തിയായി വരികയാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
യോഗത്തില്‍ പത്തനംതിട്ട നഗരസഭയും മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളും സദസ്സിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ ഡിസംബര്‍ 16, 17 തീയതികളിലായാണു സദസ്സ് സംഘടിപ്പിക്കുന്നത്. ആറന്മുള മണ്ഡലത്തില്‍ 17 ന് രാവിലെ 11-നാണു സദസ്. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, എഡിഎം ബി രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എ കെ. സി രാജഗോപാല്‍, തദ്ദേശസ്വയംഭരണസ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.