ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരു കോടി രൂപ കവർന്നു. സെൻട്രൽ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരു ബിസിനസുകാരന്റെ ജീവനക്കാരുടെ പക്കൽ നിന്നാണ് പണം കവർന്നത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈക്കിലെത്തിയ രണ്ടുപേർ തടയുകയും തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം പണമടങ്ങിയ ബാഗ് കൈവശമാക്കി കടന്നുകളയുകയുമായിരുന്നു.
മൂന്ന് കോടി രൂപയുമായാണ് ബിസിനസുകാരന്റെ ജീവനക്കാർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരു കോടി രൂപ അടങ്ങിയ ബാഗാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തു. ദരിയാഗഞ്ച് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.































