ഡല്‍ഹി : വെറുക്കപ്പെട്ട മുഖങ്ങള്‍ കറുത്ത തുണിയില്‍ മൂടാന്‍ ഇനി വെറും രണ്ടാഴ്ചമാത്രം. നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാര്‍ ഉത്തർപ്രദേശില്‍ നിന്ന്. ഇതിനായി ഉത്തര്‍പ്രദേശ് ജയിൽ വകുപ്പ് ആരാച്ചാരെ വിട്ടുനൽകും. ആരാച്ചാർക്ക് വേണ്ടി തീഹാർ ജയിലധികൃതർ ഉത്തർപ്രദേശ് സർക്കാരിന് കത്തയച്ചിരുന്നു. പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ തിഹാർ ജയിലിന്റെ ഡയറക്ടർ ജനറലിന് കത്തയച്ചിരുന്നു. ഈ മാസം 22 ന് രാവിലെ ഏഴുമണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. അക്ഷയ്സിംഗ്, പവന്‍ ഗുപ്ത, വിനയ് സിംഗ്, മുകേഷ് സിംഗ് എന്നീ പ്രതികളെയാണ് തൂക്കിലേറ്റുന്നത്.
മൂന്നുമണിക്കൂര്‍ നീണ്ട നടപടികള്‍ക്കൊടുവിലായിരുന്നു കോടതിയുടെ നിര്‍ണ്ണായക വിധി. പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ദയാ ഹർജിയും തിരുത്തൽ ഹർജിയും നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോൺഫറസിംഗിലൂടെ പ്രതികളുമായി ജഡ്‍ജി സംസാരിച്ചു. ഹര്‍ജികള്‍ നല്‍കാന്‍ സമയം വേണമെന്ന് പ്രതികളും ആവശ്യപ്പെട്ടു. എന്നാൽ നിർദ്ദേശിച്ച സമയത്തിനുള്ളിൽ എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ചോദിച്ച കോടതി പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു.