കോട്ടയം : സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മുഖചിത്രങ്ങളും ദേശീയ ചിഹ്നവും ഉപയോഗിച്ച് ഓൺലൈൻ വായ്പ തട്ടിപ്പ് വ്യാപകമാകുന്നു. പ്രധാനമന്ത്രിയുടെ മുദ്ര ലോൺ അഥവാ പിഎംഎംവൈ വ്യക്തിഗത വായ്പ അനുവദിച്ചുവെന്നും വായ്പ ലഭിക്കുന്നതിനായി അപേക്ഷകർ ലോൺ പ്രൊട്ടക്ഷൻ ഇൻഷുറൻസിനായി രണ്ടായിരം രൂപ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ ചെയ്യണമെന്ന് ആവശ്യപെട്ട് ഈ മെയിൽ, വാട്സ് ആപ്പ്, ഫോൺ സന്ദേശം എത്തും. ഇതാണ് ആദ്യം ഇരകളെ വീഴ്ത്താനുള്ള തന്ത്രം. ഫോണില്‍ വിളിക്കുന്നവർ അതാത് സംസ്ഥാനത്തെ പ്രദേശികഭാഷയില്‍ തന്നെ സംസാരിച്ച് വിശ്വാസം നേടിയെടുക്കും. കൂടുതല്‍ വിശ്വാസം നേടാൻ കേരളത്തിൽ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ രണ്ടാം നിലയിൽ ഓഫീസ് ഉണ്ടെന്നു പറയുകയും മേൽവിലാസം നൽകുകയും ചെയ്യും.
പീന്നീട് ലോൺ പ്രൊട്ടക്ഷൻ ഇൻഷുറൻസ് എടുത്തുവെന്ന് കാണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീൽ ചെയ്ത ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എത്തും. അതിൽ നമ്മുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും ചേർത്തപ്പെട്ടിരിക്കും. ഇതിന് ശേഷം രണ്ടായിരം രൂപ ഇൻഷുറൻസ് തുക ആവശ്യപ്പെട്ട് വിളിക്കും. പണം അയിക്കേണ്ട ഗൂഗിൾ – ഫോൺ വിവരങ്ങൾ സന്ദേശമായി നല്‍കുകയും ചെയ്യും. പണം നൽകിയാൽ ഇൻഷുറൻസ് തുകയായി നൽകുന്ന രണ്ടായിരം രൂപയും നമ്മുടെ ബാങ്ക് അക്കൗണ്ട്, മറ്റ് ഈ മെയിൽ, വാട്സ് ആപ്പ് ഇവയും സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും പൂർണ്ണമായും ഈ തട്ടിപ്പ് സംഘം ഹാക്ക് ചെയ്യുന്നു. സൈബർ ഓപ്പറേഷൻ സെൽ നിരന്തരമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മറുവശത്ത് ഓൺലൈൻ വായ്പ തട്ടിപ്പ് സംഘം കൂടുതല്‍ പേരെ ഇരകളാക്കിക്കൊണ്ടിരിക്കുകയുമാണ്.