ഡൽഹി: കെ പി സി സി പുനഃസംഘടന തിരക്കിട്ട് പൂർത്തിയാക്കാൻ ഹൈക്കമാന്റ് നടപടി തുടങ്ങി. 18 ന് പുനഃസംഘടനാ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. അന്തിമഘട്ട ചർച്ചകൾക്കായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യാഴാഴ്ച വീണ്ടും ഡൽഹിയിലെത്തും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഏതാനും ദിവസങ്ങളായി ഡൽഹിയിൽ തന്നെ തങ്ങുകയാണ്. 24 ജനറൽ സെക്രട്ടറിമാരും 50 – 60 എക്സിക്യുട്ടീവ് അംഗങ്ങളും എന്നതായിരുന്നു ധാരണ. ഇതിൽ 10 വീതം പദവികൾ എ, ഐ ഗ്രൂപ്പുകൾക്ക് ലഭിക്കും. ബാക്കി 4 എണ്ണം ഗ്രൂപ്പിന് പുറത്തുള്ളവർക്കും എന്നായിരുന്നു ധാരണ.
എന്നാൽ കഴിഞ്ഞ ദിവസം 24 എന്നത് 30 വരെയായി ഉയർന്നതായും റിപ്പോർട്ടുണ്ട്. ഒരാൾക്ക് ഒരു പദവി എന്നതാണ് പുനഃസംഘടനയിലെ മാനദണ്ഡം. എന്നാൽ വി ഡി സതീശൻ എം എൽ എയെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യമാണ് അവശേഷിക്കുന്ന തർക്കം. പ്രസിഡന്റിന് കീഴിൽ വർക്കിംഗ് പ്രസിഡന്റുമാരോ വൈസ് പ്രസിഡന്റുമാരോ ആണ് ഉണ്ടാവുക. ഈ പദവിയിൽ നിലവിലുള്ള കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവർ എം പിമാരായതിനാൽ ഇവരെ ഒഴിവാക്കുന്ന കാര്യം ഹൈക്കമാന്റ് പരിഗണനയിലാണ്.
എം പിമാരെയോ എം എൽ എമാരെയോ പുനഃസംഘടനയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടില്ല. പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർക്ക് പകരം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നതാണ് പുതിയ ഘടന. വർക്കിംഗ് പ്രസിഡന്റ് വേണോ വൈസ് പ്രസിഡന്റ് വേണോ സെക്രട്ടറി വേണോ എക്സിക്യുട്ടീവ് കമ്മിറ്റി വേണോ എന്നതിൽ തീരുമാനം ബാക്കിയാണ്. എന്തായാലും പ്രവർത്തകരെ അപമാനിക്കുന്നവിധമുള്ള ജംബോ പട്ടിക എന്നതിൽ നിന്ന് നേതാക്കൾ പിന്നോക്ക൦ പോയി. എന്നാൽ പിന്നീടുണ്ടായ 24 അംഗ ചുരുക്കപ്പട്ടിക ഓരോ ദിവസം കഴിയുംതോറും വീണ്ടും വികസിക്കുന്നു എന്നതാണ് ആശങ്ക. പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ജോസഫ് വാഴയ്ക്കൻ എന്നിവർ പാർട്ടി ഉപാധ്യക്ഷന്മാരാകും. ടോമി കല്ലാനി, എം മുരളി, കെ ബാബു, സി ആർ മഹേഷ്, വി എസ് ജോയ്, കെ മോഹൻകുമാർ, കെ എ ഷുക്കൂർ, പി എം നിയാസ് എന്നിവരൊക്കെ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലുമുണ്ട്.