തൃശ്ശൂര്‍ : കാത്തിരിപ്പ് കാലാവധിയിൽ ഉൾപ്പെടുന്ന അസുഖമെന്ന് പറഞ്ഞ് അർഹതപ്പെട്ട ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ തൃശൂരിലെ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി മാനേജർ 60,000 രൂപ നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. വെട്ടുകാട് വെട്ടുമ്പിള്ളി വീട്ടിൽ വി.കെ.രാധാകൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് കോടതി ഉത്തരവ്. രാധാകൃഷ്ണന് ചികിത്സക്കുവേണ്ടി 103287 രൂപ ബില്‍ ആയിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനി അനുവദിച്ചത് 50000 രൂപ മാത്രമാണ്. ക്ളെയിം പ്രകാരം പരാതിക്കാരന് 100000 രൂപ ആയിരുന്നു ലഭിക്കേണ്ടത്. കാത്തിരിപ്പ് കാലാവധിയിൽ (വെയ്റ്റിംഗ് പിരിയഡ്) രക്ത സമ്മർദ്ദത്തിനും ഹൃദയസംബന്ധമായ അസുഖത്തിനും ക്ളെയിം ലഭിക്കുകയില്ല എന്ന് പറഞ്ഞാണ് 50000 രൂപ നിഷേധിച്ചതു്. ഇതോടെ രാധാകൃഷ്ണൻ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജ്ജി ഫയൽ ചെയ്യുകയായിരുന്നു.
കൃത്യമായി വിവരങ്ങൾ ധരിപ്പിക്കാതെ സാങ്കേതിക വ്യാഖ്യാനങ്ങൾ നടത്തി ക്ളെയിം നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഇൻഷുറൻസ് കമ്പനി നിഷേധിച്ച 50000 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമായി 10000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























