അടൂര്‍ : ജനകീയ കൂട്ടായ്‌മയില്‍ നവീകരിച്ച പള്ളിക്കലാറിന്റെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി ഇഴയുന്നതായി ആരോപണം. കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി സ്‌കെച്ചും കൈയേറ്റക്കാരുടെ ലിസ്‌റ്റും സഹിതം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കു നല്‍കിയെങ്കിലും പലരും സഹകരിക്കില്ലെന്നാണ് റവന്യൂ അധികൃതരുടെ ആരോപണം.
അനധികൃത കൈയേറ്റം ചില തദ്ദേശ സ്‌ഥാപനങ്ങള്‍ ഒഴിപ്പിക്കാത്തതിനാല്‍ കൈയേറ്റക്കാര്‍ക്കെതിരേ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുത്ത് കൈയേറ്റം ഒഴിപ്പിക്കാന്‍ മേയ് 18ന് കളലക്‌ടറേറ്റില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് ഏഴംകുളം, പള്ളിക്കല്‍, കടമ്പനാട്, ഏറത്ത്, അടൂര്‍, പെരിങ്ങനാട് എന്നീ വില്ലേജ് ഓഫീസര്‍മാര്‍ക്കു നിര്‍ദ്ദേശവും നല്‍കി. തുടക്കത്തില്‍ പള്ളിക്കല്‍ പഞ്ചായത്ത് ഭാഗത്തെ കൈയേറ്റം പഞ്ചായത്തധികൃതര്‍ ഒഴിപ്പിച്ച് ബോര്‍ഡ് സ്‌ഥാപിച്ചു. കൂടാതെ ഏഴംകുളം പഞ്ചായത്തും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചു.
അടൂര്‍ നഗരസഭ, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍, എന്നിവിടങ്ങളിലൂടെയാണ് ആറ് കടന്ന് പോകുന്നത്. കൈയേറ്റക്കാര്‍ക്കെതിരേ വില്ലേജ് ഓഫീസ് വഴി പോലിസില്‍ പരാതി നല്‍കിയശേഷം റിപ്പോര്‍ട്ട് കളക്‌ടര്‍ക്കു സമര്‍പ്പിച്ചിരിക്കുകയാണ്. 2017 ലാണ് ആറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടക്കമിട്ടത്. തുടര്‍ന്ന് നൂറുകണക്കിനു തൊഴിലുറപ്പ് തൊഴിലാളികളും വിവിധ മേഖലകളിലുള്ളവരും കൈകോര്‍ത്താണ് കാടുകയറി ഒഴുക്ക് നിലച്ച പള്ളിക്കിലാറിന്റെ നവീകരണം സാധ്യമാക്കിയത് .